ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതമാണെന്നും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യമാണ് വരാന്‍ പോകുന്നതെന്നും അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ജെറോം ആദംസ്. ഇനി വരുന്ന ആഴ്ചയില്‍ അമേരിക്കയില്‍ മരണസംഖ്യ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.  

'അടുത്ത ആഴ്ച നമ്മെ സംബന്ധിച്ച് പേള്‍ ഹാര്‍ബര്‍ നിമിങ്ങളായിരിക്കും. അത് നമ്മുടെ 9 /11 നിമിഷം പോലെ ആയിരിക്കും'- ജെറോം ആദംസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമത്തെ ഉദ്ധരിച്ച് 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. 

ഏറ്റവും കഠിനമായ ദിനങ്ങളാവും ഇനി അമേരിക്കക്കാര്‍ നേരിടാന്‍ പോകുന്നത്. മരണനിരക്ക് കുത്തനെ ഉയരുന്നത് കുറച്ച് ഈ പ്രതിസന്ധിയെ മറികടക്കണമെങ്കില്‍ ഓരോരുത്തരും അവരവരുടെ കടമകള്‍ ചെയ്യേണ്ടതുണ്ടെന്നും ആദംസ് കൂട്ടിച്ചേര്‍ത്തു. 

അമേരിക്കന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി അന്തോണി ഫൗസിയും വരാനിരിക്കുന്നത് പ്രയാസമേറിയ ആഴ്ചയാണെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ 9620 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.37 ലക്ഷത്തോളമായി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...