ഗാസയിലെ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. ഹമാസിനെ അപലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറാം തവണയും യുഎസ് ഈ നടപടി സ്വീകരിച്ചത്
ന്യൂയോർക്ക്: ഗാസയിലെ യുദ്ധ വിരാമത്തിനായുള്ള ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയത്തെ അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. ഏകദേശം രണ്ട് വർഷമായി തുടരുന്ന ഇസ്രയേൽ - ഹമാസ് യുദ്ധത്തിനിടെ യു എസ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആറാം തവണയാണ്. പ്രമേയത്തിൽ ഹമാസിനെ അപലപിക്കാത്തതും ഇസ്രയേലിന്റെ ആത്മരക്ഷാ അവകാശത്തെ അംഗീകരിക്കാത്തതുമാണ് വീറ്റോയ്ക്ക് കാരണമെന്ന് യു എസ് പ്രതിനിധി മോർഗൻ ഓർട്ടഗസ് വിശദീകരിച്ചു. ബന്ദികളുടെ മോചനവും മാനുഷിക സഹായത്തിനുള്ള തടസ്സങ്ങൾ നീക്കലും ആവശ്യപ്പെട്ടിരുന്ന പ്രമേയത്തിന് 14 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു.
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയം വീറ്റോ ചെയ്ത യു എസ് നടപടി പലസ്തീനികൾക്ക് വേദനയുണ്ടാക്കുന്നതാണെന്ന് അൾജീരിയൻ അംബാസഡർ അമർ ബെൻജമ അഭിപ്രായപ്പെട്ടു. പലസ്തീനികളോട് മാപ്പ് ചോദിച്ചുകൊണ്ട് അദ്ദേഹം സുരക്ഷാ കൗൺസിലിന്റെ പരാജയത്തെ വിമർശിച്ചു. ഇതിനിടെ, ഗാസയിൽ ശക്തമായ ആക്രമണങ്ങൾ ഇസ്രയേൽ തുടരുകയാണ്. ഗാസാ സിറ്റിയുടെ പൂർണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള സൈനിക നടപടികൾ ഇസ്രയേൽ സൈന്യം തീവ്രമാക്കിയിരിക്കുകയാണ്.
ഗാസയിൽ എങ്ങും ചോരക്കളം
ഗാസയിൽ എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ഇസ്രായേൽ കരയാക്രമണം ശക്തമാക്കിയതോടെ എങ്ങും ചോരക്കളമാണ്. കുരുതിക്കളമായി മാറിയ ഗാസയിൽ സമാധാനം പുലരാൻ ഇനി നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന അടുത്ത യോഗമാണ്. ഈ മാസം 22 ന് നടക്കാനിരിക്കുന്ന യോഗത്തിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ പ്രതീക്ഷിക്കുന്നു. ഗാസയിൽ നിന്ന് പിൻവാങ്ങണമെന്ന അറബ് - ഇസ്ലാമിക് ഉച്ചകോടിയുടെ കൂട്ടായ മുന്നറിയിപ്പും മറികടന്നാണ് ഗാസയിൽ ഇസ്രയേലിന്‍റെ വെല്ലുവിളി നീക്കം. ഇതോടെ അറബ് - ഇസ്ലാമിക് കൂട്ടായ്മയുടെ അടുത്ത നടപടി എന്താകുമെന്നത് പ്രധാനമാണ്. ആരൊക്കെ ഉപരോധിച്ചാലും എല്ലാം തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെല്ലുവിളി നടത്തിയത്. ഇതിന് തൊട്ടു പിന്നാലെയാണ് ഗസയിൽ പൂർവാധികം ശക്തിയിൽ കരയാക്രമണം തുടരുന്നത്.
ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന സമാധാന ശ്രമം നിർണായകം
ഗാസയിൽ സമാധാനം പുലരാൻ ഇനി നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന അടുത്ത യോഗമാണ്. 22 നാണ് ഇരു രാഷ്ട്ര പരിഹാരം തേടി ഫ്രാൻസ് - സൗദി നയിക്കുന്ന അടുത്ത സമ്മേളനം. യു എന്നിൽ വലിയ പിന്തുണ ഇതിനോടകം ഈ നീക്കത്തിന് ഉണ്ട്. കൂടുതൽ രാഷ്ട്രങ്ങളെ അണി നിരത്താൻ കഴിഞ്ഞാൽ അത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. യു എന്നിൽ ഇസ്രയേലിന് എതിരായ മുന്നേറ്റം സൃഷ്ടിക്കാൻ അറബ് - ഇസ്ലാമിക് ഉച്ചകോടിയും തീരുമാനിച്ചിട്ടുണ്ട്. സാധ്യമായ വഴികളിൽ എല്ലാം പലസ്തീനിൽ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ എത്തിക്കാനും അറബ് - ഇസ്ലാമിക് ഉച്ചകോടി തീരുമാനിച്ചിട്ടുണ്ട്.


