അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അറിയിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പരിശോധനകൾക്ക് ഇറാൻ അനുമതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകളിൽ വൻ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) യുടെ പരിശോധനകൾക്ക് ഇറാൻ അനുമതി നൽകിയതായി ജെ ഡി വാൻസ് അറിയിച്ചു. ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെയാണ് ചർച്ചകൾ പ്രതിസന്ധിയിലായത്. തുടക്കത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും സ്വിറ്റ്സർലന്‍റിലെ ചർച്ചകൾ വിജയകരമായി മുന്നോട്ടുപോയെന്നും വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞെന്നും വാൻസ് കൂട്ടിച്ചേർത്തു.
ആണവോർജ ഏജൻസിയുടെ ഇൻസ്പെക്ടർമാരെ തിരികെ പ്രവേശിപ്പിക്കാമെന്ന ഇറാന്റെ സമ്മതം അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലാണെന്ന് വാൻസ് വ്യക്തമാക്കി. ഇറാനിലെ ആണവായുധ പദ്ധതികൾക്ക് ശാശ്വതമായി അന്ത്യം കുറിക്കുന്നതിനുള്ള ആദ്യ പടിയാണിതെന്നും മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള നടപടികളിലേക്ക് അടുക്കുകയാണെന്നും ജെ ഡി വാൻസ് പറഞ്ഞു.
ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടായതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഒരു അന്തിമ കരാറിലെത്തുന്നതിനായി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വാൻസ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ആഗോള ഊർജ വിതരണത്തിന്റെ 25 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതും കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ ഇനിയും നടപടികൾ ആവശ്യമുണ്ട്.
ഇറാനിന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ജാരെഡ് കുഷ്നറും ഖത്തറും ചേർന്ന് ശ്രദ്ധേയമായ ഒരു ഫോർമുല മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് വാൻസ് വെളിപ്പെടുത്തി. ഈ ആസ്തികൾ അൺഫ്രീസ് ചെയ്യുന്ന പ്രക്രിയയുടെ പൂർണ്ണമായ നിയന്ത്രണം അമേരിക്കയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി പ്രകാരം ഇറാന്റെ ആസ്തികൾ വിട്ടുനൽകുകയാണെങ്കിൽ, അത് അമേരിക്കൻ കർഷകർക്ക് കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാനും അതുവഴി ഇറാനിലെ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാനും വേണ്ടിയായിരിക്കും ഉപയോഗിക്കുകയെന്ന് വാൻസ് വിശദീകരിച്ചു.
