തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായലിനെ ഉപയോഗിച്ചാണ് ട്രംപ് എന്ന് കടല്‍പ്പശുവിന്‍റെ പുറത്ത് എഴുതിയിരിക്കുന്നത്. രൂക്ഷമായി വിമര്‍ശനമാണ് ഈ ക്രൂരകൃത്യം ചെയ്തവര്‍ക്ക് നേരെ ഉയരുന്നത്.
ഒരു മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത ചെയ്ത അക്രമിയെ കണ്ടെത്താനുള്ള പ്രയത്നത്തിലാണ് അമേരിക്കയിലെ വനംവകുപ്പുള്ളത്. ഫ്ലോറിഡയിലെ ഹോമോസാസ നദിയില്‍ കണ്ടെത്തിയ കടല്‍പ്പശുവിന്‍റെ ദേഹത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പേര് എഴുതിയ നിലയില്‍ കണ്ടെത്തിയതോടെയാണ് ഇത്. കടല്‍പ്പശുവിന് പ്രത്യക്ഷത്തില്‍ ഗുരുതര പരിക്കില്ലെങ്കിലും ഈ അതിക്രമം ചെയ്തവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 യുഎസ് ഡോളര്‍(3,65,670 രൂപ) ആണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയിലെ സംരക്ഷിത മൃഗം കൂടിയാണ് കടല്‍പ്പശു. കടല്‍പ്പശുക്കളെ വേട്ടയാടുന്നതും ഉപദ്രവിക്കുന്നതും അമേരിക്കയില്‍ ശിക്ഷാര്‍ഹമാണ്. കുറ്റം തെളിഞ്ഞാല്‍ ഒരുവര്‍ഷം തടവും അമ്പതിനായിരം യുഎസ് ഡോളര്‍ പിഴയും കുറ്റകൃത്യത്തിലേര്‍പ്പെട്ടവര്‍ക്ക് ലഭിക്കും. തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായലിനെ ഉപയോഗിച്ചാണ് ട്രംപ് എന്ന് കടല്‍പ്പശുവിന്‍റെ പുറത്ത് എഴുതിയിരിക്കുന്നത്. രൂക്ഷമായി വിമര്‍ശനമാണ് ഈ ക്രൂരകൃത്യം ചെയ്തവര്‍ക്ക് നേരെ ഉയരുന്നത്. മത്സ്യ വന്യജീവി വകുപ്പ് സംയുക്തമായാണ് അക്രമിക്ക് വേണ്ടിയുള്ള തെരച്ചില്‍ നടത്തുന്നത്.
തിരിച്ച് ഉപദ്രവിക്കില്ലെന്ന് ഉറപ്പുള്ള ജീവിക്കെതിരെ ഇത്തരമൊരു അതിക്രമം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നാണ് സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി വിശദമാക്കുന്നത്. ഫ്ലോറിഡയുടെ അനൌദ്യോഗിക ചിഹ്നമാണ് കടല്‍പ്പശു. 6300ഓളം കടല്‍പ്പശുക്കളാണ് ഫ്ലോറിഡയിലുള്ളതെന്നാണ് കണക്കുകള്‍. മഞ്ഞ് കാലങ്ങളില്‍ ചൂടുള്ള പ്രദേശങ്ങളിലേക്ക് ഇവ കൂട്ടമായി എത്താറുണ്ട്. സ്വാഭാവിക ആവാസവ്യവസ്ഥകളിലുണ്ടായ കാര്യമായ നാശം ഇവയുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ മാത്രം 637 കടല്‍പ്പശുക്കള്‍ വിവിധ കാരണങ്ങളാല്‍ ചത്ത് പോയിട്ടുണ്ടെന്നും വന്യജീവി വകുപ്പ് വിശദമാക്കുന്നു.
