ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, മിഡിൽ ഈസ്റ്റിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ അയക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്.

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിലെക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി വിന്യസിക്കാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' വോൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട വാർത്ത പങ്കുവെച്ചതോടെ ഈ നീക്കം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടു.

മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വോൾ സ്ട്രീറ്റ് ജേണൽ രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ അയക്കാൻ പെന്റഗൺ പദ്ധതിയിടുന്നതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ട്രംപ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിലവിൽ അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാനാണ് ഈ നീക്കം. 

അമേരിക്കയുടെ മറ്റ് വിമാന വാഹിനിക്കപ്പലുകൾ ജപ്പാൻ തീരത്തും, സാൻ ഡീഗോയിലും, കരീബിയൻ കടലിലുമാണ് ഇപ്പോഴുള്ളത്. അമേരിക്കയുടെ കിഴക്കൻ തീരത്തുനിന്നോ ഫാർ ഈസ്റ്റിൽ നിന്നോ ഒരു വിമാനവാഹിനിക്കപ്പലിന് ഇസ്രായേൽ തീരത്തോ അറബിക്കടലിലോ എത്താൻ 12 മുതൽ 15 ദിവസം വരെ സമയം എടുക്കും.ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രണ്ടാമതൊരു കപ്പൽ കൂടി വിന്യസിക്കാനുള്ള നീക്കം മേഖലയിൽ വൻ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.