6.6 കോടിയോളം ജനസംഖ്യയുള്ള തായ്ലാന്‍ഡില്‍ 16ലക്ഷത്തോളം ആളുകളാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടുള്ള ഏഷ്യാന്‍ രാജ്യങ്ങളിലൊന്നാണ് തായ്ലാന്‍ഡ്.

കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് വേറിട്ട ആശയവുമായി തായ്ലാന്‍ഡിലെ ഒരു നഗരം. വാക്സിന്‍ സ്വീകരിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് ഒരു പശുവിനെ നല്‍കുമെന്നാണ് തായ്ലാന്‍ഡിലെ ചിയാംഗ് മായി പ്രവിശ്യയിലെ മായ് ചെം എന്ന സ്ഥലത്തെ ഓഫര്‍. ആഴ്ച തോറും വാക്സിന്‍ സ്വീകരിച്ചവരില്‍ നിന്ന് ഒരു വിജയിയെ തെരഞ്ഞെടുക്കും. ഈ വര്‍ഷം മുഴുവന്‍ എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് ഒരു പശുവിനെ വീതം നല്കാനാണ് തീരുമാനം. തായ്ലാന്‍ഡിന്‍റെ വടക്കന്‍ മേഖലയിലാണ് ഈ സ്ഥലം.

പ്രഖ്യാപനത്തിന് പിന്നാലെ നൂറില്‍ നിന്ന് പതിനായിരത്തിലേക്ക് വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടിയതായാണ് ജില്ലാ മേധാവി ബൂണ്‍ലൂ താംതരനുരാക് റോയിട്ടേഴ്സിനോട് പ്രതികരിച്ചത്. വിനോദസഞ്ചാരമേഖലയെ കാര്യമായി ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഈ മേഖലയില്‍ കൊവിഡ് വ്യാപക നഷ്ടമാണ് സൃഷ്ടിച്ചത്. പശുവിനെ വളര്‍ത്തിയാല്‍ വലിയ തുകയ്ക്ക് വില്‍ക്കാമെന്നതാണ് ആഴുകളെ ആകര്‍ഷിക്കുന്നത്. 25000 രൂപ വിലമതിക്കുന്ന പശുക്കളെയാണ് വാക്സിന്‍ വിജയികള്‍ക്ക് നല്‍കുന്നത്.

പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരും ആരോഗ്യപ്രവര്‍ത്തകരും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുമായി നാലായിരത്തിന് മുകളില്‍ ആളുകളാണ് ഇതിനോടകം വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. സമാനമായ മറ്റ് ഓഫറുകളും തായ്ലാന്‍ഡിലെ മറ്റ് നഗരങ്ങളും സ്വീകരിക്കുന്നുണ്ട്. സ്വര്‍ണമാലകളും ഡിസ്കൌണ്ട് കൂപ്പണും പണവും അടക്കമാണ് വാക്സിന്‍ രജിസ്ട്രേഷന്‍ കൂട്ടാനായി തായ്ലാന്‍ഡിലെ വിവിധ ഇടങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 6.6 കോടിയോളം ജനസംഖ്യയുള്ള തായ്ലാന്‍ഡില്‍ 16ലക്ഷത്തോളം ആളുകളാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടുള്ള ഏഷ്യാന്‍ രാജ്യങ്ങളിലൊന്നാണ് തായ്ലാന്‍ഡ്. കഴിഞ്ഞ രണ്ട് മാസത്തില്‍ മാത്രം 119585 കേസുകളും 703 മരണവുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona