കാന്‍ബെറ: ഓസ്ട്രേലിയയുടെ വനപ്രദേശത്തെ വിഴുങ്ങിയ കാട്ടുതീയില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒട്ടേറെ മൃഗങ്ങള്‍ തീയില്‍ വെന്തുമരിച്ചു. കാട് കത്തി നശിച്ചതോടെ ദിവസങ്ങളായി പട്ടിണിയിലാണ് കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട വന്യജീവികള്‍. വിശന്നു വലഞ്ഞ മൃഗങ്ങള്‍ക്ക് ആകാശത്ത് നിന്ന് ഭക്ഷണം വിതറി ആശ്വാസമേകുകയാണ് ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരും. കാട്ടുതീ ബാധിച്ച പ്രദേശങ്ങളില്‍ ഹെലികോപ്റ്ററിലെത്തിയാണ് ഇവര്‍ ക്യാരറ്റും മധുരക്കിഴങ്ങും ഉള്‍പ്പെടെ നിക്ഷേപിച്ചത്.

ആയിരക്കണക്കിന് പച്ചക്കറികളാണ് ഇത്തരത്തില്‍ വനത്തില്‍ നിക്ഷേപിച്ചത്. ന്യൂ സൗത്ത് വെയ്ല്‍സ് ഊര്‍ജ്ജ മന്ത്രി മാറ്റ് കെയ്നാണ് വന്യജീവികള്‍ക്ക് പച്ചക്കറികള്‍ ഇട്ടുനല്‍കുന്നതിന്‍റെ ചിത്രങ്ങള്‍  ട്വീറ്റ് ചെയ്തത്. സന്തുഷ്ടരായ ഉപഭോക്താക്കള്‍ എന്ന കുറിപ്പോടെ മൃഗങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നാഷണല്‍ പാര്‍ക്ക് ജീവനക്കാരുടെ നടപടിയെ നിരവധി പേരാണ് ട്വിറ്ററിലൂടെ അഭിനന്ദിച്ചത്. 

Read More: നിര്‍ണായക പ്രസ്താവനയ്ക്ക് പിന്നാലെ ലണ്ടനിലെ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ നിന്ന് ഹാരിയും മേഗനും പുറത്ത്