ഹ്യൂഗോ ഷാവേസിന്‍റെ കാലം മുതൽ തുടങ്ങിയ അമേരിക്ക-വെനസ്വേല ശത്രുത അദ്ദേഹത്തിന്‍റെ പിൻഗാമിയായ നിക്കോളാസ് മഡൂറോയുടെ കാലത്ത് രൂക്ഷമായി. ഷാവേസിൽ തുടങ്ങിയ യുഗം മഡൂറോയിൽ അമേരിക്ക അവസാനിപ്പിക്കുമ്പോൾ വെനസ്വേലയുടെ ഭാവിയും അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: ഹ്യൂഗോ ഷാവേസിന്‍റെ കാലം മുതൽ ശത്രുരാജ്യമായി മാറിയ വെനസ്വേലയിൽ അമേരിക്കൻ പദ്ധതി ഒടുവിൽ നടപ്പാവുകയാണ്. ഷാവേസിന്‍റെ പിൻഗാമിയായി വെനസ്വേലയുടെ നായകനായി വന്ന നിക്കോളാസ് മഡൂറോയ്ക്ക് യുഎസ് കടന്നാക്രമണങ്ങൾക്കൊപ്പം രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും തിരിച്ചടിയായി. നിലനിൽപ്പിന് വേണ്ടിയുള്ള മഡൂറോയുടെ കൈവിട്ട കളികൾ അമേരിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. തെക്കേ അമേരിക്കയുടെ വടക്കേയറ്റത്തുളള രാജ്യത്തോട് യുഎസിന്‍റെ, ട്രംപിന്‍റെ കലിപ്പെന്തിനാണ്? നിക്കോളാസ് മദൂറോ അവരുടെ ടാർഗറ്റ് ആവുന്നത് എങ്ങനെയാണ്? രാജ്യത്തിനകത്തും പുറത്തും ഷാവേസിന്‍റെ പിൻഗാമി എതിർപ്പുകളിൽ മുങ്ങിത്താണുപോയത് എന്തുകൊണ്ടാണ്?
വെനസ്വേലൻ തലസ്ഥാനമായ കാരക്കസിലെ മെട്രോ ബസ് ഡ്രൈവറിൽ നിന്ന് പ്രസിഡന്‍റ് പദത്തിലേക്കെത്തിയ ട്രേഡ് യൂണിയൻ നേതാവാണ് നിക്കോളാസ് മഡൂറോ. ഇടത് രാഷ്ട്രീയത്തിൽ ആകൃഷ്ടനായി, ക്യൂബയിൽ പരിശീലനം നേടി, തൊഴിലാളി നേതാവായി, ഷാവേസിന്‍റെ ആശയങ്ങൾക്കൊപ്പം മഡൂറോ നിന്നു. എൺപതുകളിൽ എണ്ണ വില കുത്തനെ ഇടിഞ്ഞപ്പോൾ പ്രസിഡന്‍റ് കാർലോസ് ആൻഡ്രേസ് പെരസിനെ പുറത്താക്കാൻ ഹ്യൂഗോ ഷാവേസ് വിപ്ലവം നയിച്ചു. അട്ടിമറി നീക്കത്തെ തുടർന്ന് ഷാവേസ് ജയിലിലായപ്പോൾ ഫിഫ്ത്ത് റിപ്പബ്ലിക് പാർട്ടിക്കൊപ്പം നിന്ന് മോചനത്തിനായി മഡൂറോ പോരാടി. 1999ൽ ഷാവേസ് അധികാരം പിടിച്ചു.
വെനസ്വേല പിന്നീട് സാമ്രാജ്യത്വ വിരുദ്ധ സോഷ്യലിസ്റ്റ് നിലപാടുകളുടെ നിലമായി മാറി. ജനകീയ ജനാധിപത്യ ഇടമായി ഷാവേസ് ലാറ്റിനമേരിക്കൻ രാജ്യത്തിന്‍റെ ഭരണഘടന മാറ്റിയെഴുതി. അമേരിക്കയോട് അകലമിട്ടു, ബന്ധം മുറിഞ്ഞു. റഷ്യയോടും ചൈനയോടും വെനസ്വേല ബന്ധം സ്ഥാപിച്ചു. ക്യൂബയെ ചേർത്തുപിടിച്ചു. മുതലാളിത്ത രാജ്യങ്ങളുടെ എതിർപ്പിലും അടവുകളിലും ജനപിന്തുണയെന്ന പരിചയിൽ ഷാവേസ് ഉലയാതെ പിടിച്ചുനിന്നു. ഈ ഘട്ടത്തിലെല്ലാം മഡൂറോ അദ്ദേഹത്തിന്‍റെ വലംകൈയ്യായി. പിന്നീട് നാഷണൽ അസംബ്ലിയിലെത്തി. ശേഷം സ്പീക്കറായി, വിദേശകാര്യ മന്ത്രിയായി.
ഹ്യൂഗോ ഷാവേസ് 2013ൽ മരിച്ചതോടെ രാജ്യത്തിന്‍റെ പ്രസിഡന്‍റായി മഡൂറോ അധികാരത്തിലെത്തി. ഷാവേസിന്‍റെ മകനെന്ന സ്വയം വിശേഷണത്തിൽ മഡൂറോ, ആ ഒഴിവിൽ കയറിയിരിക്കാൻ ശ്രമിച്ചു. പക്ഷേ കാര്യങ്ങൾ എളുപ്പമായില്ല. ഷാവേസിന്‍റെ സോഷ്യലിസ്റ്റ്, അമേരിക്കൻ വിരുദ്ധ നിലപാടുകൾ മഡൂറോ തുടർന്നു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും ഭക്ഷ്യക്ഷാമവും വിലക്കയറ്റവും അദ്ദേഹത്തിന് വെല്ലുവിളിയായി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് കടന്നുകൂടി. അട്ടിമറി ആരോപണം ഉയർന്നു. നാഷണൽ അസംബ്ലിയിൽ വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്‍റെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷമില്ലാതായി. പ്രസിഡന്‍റ് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് തെരുവുകളിൽ പ്രതിഷേധത്തീ കത്തി.
എല്ലാം അമേരിക്കയുടെ കളിയെന്നായിരുന്നു മഡൂറോയുടെ പ്രതിരോധം. മനുഷ്യാവകാശ സംഘങ്ങളെ അടിച്ചമർത്തുന്നു എന്നാരോപിച്ച് അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തി. 2015ൽ ഒബാമ ഭരണകൂടം വെനസ്വേലെയെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി പ്രഖ്യാപിച്ചു. സ്വേച്ഛാധിപത്യ നീക്കങ്ങൾ മാത്രമല്ല, രാജ്യാന്തര ലഹരിക്കടത്തിൽ പങ്കാളികളാണ് വെനസ്വേലയിലെ മദൂറോ ഭരണകൂടമെന്ന് അമേരിക്ക കുറ്റപത്രമെഴുതി. മഡൂറോയ്ക്ക് നേരെ വധശ്രമങ്ങളുണ്ടായി. പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അത് നിയമപരമല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. അന്താരാഷ്ട്ര തലത്തിൽ അതിന് പിന്തുണ കിട്ടി. ഉപരോധങ്ങളിൽ വെനസ്വേല വീർപ്പുമുട്ടി.
പട്ടിണിയും രാഷ്ട്രീയ അനിശ്ചിതത്വവും രാജ്യത്തെ പൊതിഞ്ഞു. ഡോണൾഡ് ട്രംപ് പ്രസിഡന്‍റായതോടെ ഉപരോധങ്ങൾ കടുപ്പിച്ചു. മഡൂറോയെ പ്രസിഡന്‍റായി അംഗീകരിക്കുന്നത് നിർത്തി. 2019ൽ പ്രതിപക്ഷ നേതാവ് യുവാൻ ഗെയ്ഡോയെ വെനസ്വേലുയടെ ഇടക്കാല പ്രസിഡന്‍റായി യുഎസ് അംഗീകരിച്ചു. എതിർപ്പുകൾ വകവെയ്ക്കാത 2024ൽ മഡൂറോ വീണ്ടും വെനസ്വേലയുടെ പ്രസിഡന്‍റായി. പ്രതിപക്ഷ മുന്നണിയെ നയിച്ച മരിയ മച്ചാഡോയെ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കുന്നതടക്കം നീക്കങ്ങളുണ്ടായി. റഷ്യയും ചൈനയുമടക്കം ചുരുക്കും രാജ്യങ്ങൾ മാത്രം മഡൂറോയുടെ തെരഞ്ഞെടുപ്പ് അംഗീകരിച്ചു.
ട്രംപ് വീണ്ടും അധികാരത്തിൽ വന്നതോടെ വെനസ്വേലക്കെതിരായ നീക്കങ്ങൾ കടുത്തു. അതിപ്പോൾ അപ്രതീക്ഷിത കടന്നാക്രമണത്തിലും മഡൂറോയെ ബന്ദിയാക്കുന്നതിലേക്കുമെത്തി. ജനാധിപത്യത്തിന്‍റെ മേലങ്കിയണിഞ്ഞ ഏകാധിപത്യമായിരുന്നു മഡൂറോയുടേതെന്നാണ് വിമർശനമുയർന്നത്. അതല്ല, എണ്ണ സമ്പത്തിലുള്ള അമേരിക്കൻ നോട്ടമാണ് അട്ടിമറിക്ക് പിന്നിലെന്ന് വിലയിരുത്തുന്നവരുമുണ്ട്. പക്ഷേ കത്തിത്തീരുന്നത്, മൂന്ന് പതിറ്റാണ്ടോളമായി വെനസ്വേലയുടെ വിധിയെഴുതിയ രാഷ്ട്രീയ എണ്ണപ്പാടമാണ്. ഷാവേസിൽ തുടങ്ങിയത് മഡൂറോയിൽ അമേരിക്ക അവസാനിപ്പിക്കുമ്പോൾ വെനസ്വേലയിൽ എരിയുന്നതും പുലരുന്നതും എന്താകുമെന്ന ചോദ്യം ബാക്കി.

