2020 മുതൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മഡൂറോയും മറ്റ് 14 പേരും കൊളംബിയൻ സംഘങ്ങളുമായി ചേർന്ന് അമേരിക്കയിലേക്ക് ലഹരി വലിയ രീതിയിൽ എത്തിക്കുന്നതായി അമേരിക്ക ആരോപണം ഉയർത്തിയിരുന്നു.

കാരക്കാസ്: വെനസ്വേലയിലെ കാർട്ടൽ ഓഫ് ദി സൺസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉൾപ്പെടെയുള്ള ഉന്നതർ നേതൃത്വം നൽകുന്നതെന്ന് ആരോപിക്കപ്പെടുന്ന സംഘടനയാണ് കാർട്ടൽ ഓഫ് ദ് സൺസ്. അമേരിക്കൻ സൈന്യത്തിനും നിയമ നിർവഹണ ഏജൻസികൾക്കും ഈ സംഘടനയെ ലക്ഷ്യമിടാനും തകർക്കാനും കൂടുതൽ അധികാരങ്ങൾ നൽകുന്ന നടപടിയാണ് കാർട്ടൽ ഓഫ് ദി സൺസിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാർ നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്ക മഡൂറോയ്ക്കെതിരെ സമ്മർദ്ദം ശക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ തീരുമാനം പരിഹാസ്യമായ ഏറ്റവും പുതിയ നുണ എന്നാണ് വെനസ്വേല പ്രതികരിച്ചത്. ഇല്ലാത്ത സംഘടനയെയാണ് അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വെനസ്വേല സർക്കാർ പ്രതികരിക്കുന്നത്.

തങ്ങളുടെ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് സർക്കാരിനെ താഴെയിറക്കാനുള്ള യുഎസ് ഗൂഡതന്ത്രമായാണ് നീക്കത്തെ വെനസ്വേ വിലയിരുത്തുന്നത്. കാർട്ടൽ ഓഫ് ദി സൺസ് ലഹരിക്കടത്തിന് വെനസ്വേലയെ സഹായിക്കുന്നുവെന്നാണ് യുഎസ് ആരോപണങ്ങളിൽ പ്രധാനം. വെനസ്വേലയുടെ ആഭ്യന്തര നീതിന്യായ മന്ത്രിയായ ദിയോസ്ദാഡോ കാബെല്ലോ യുഎസ് നീക്കത്തെ പുതിയ കണ്ടെത്തലെന്നാണ് പരിഹസിച്ചത്. കാബെല്ലോയും ഈ സംഘടനയുടെ സുപ്രധാന ഭാഗമെന്നാണ് അമേരിക്ക ആരോപിക്കുന്നത്. തങ്ങൾക്ക് താൽപര്യമില്ലാത്തവരെ ലക്ഷ്യമിടാൻ അമേരിക്ക തന്ത്രങ്ങൾ മെനയുന്നുവെന്നാണ് കാബെല്ലോ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ആരെങ്കിലും തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കുന്നില്ലെന്ന് തോന്നിയാൽ പ്രതികാര നടപടിയായി ഇത്തരം തീരുമാനങ്ങൾ അമേരിക്ക എടുക്കുന്നുവെന്ന് കാബെല്ലോ പ്രതികരിച്ചു. ഇത്തരമൊരു സംഘടന നില നിൽക്കുന്നില്ലെന്ന വെനസ്വേലയുടെ വാദത്തിന് പിന്തുണയുമായി കൊളംബിയയും എത്തിയിട്ടുണ്ട്.

ഇല്ലാത്ത സംഘടനയെന്ന് വെനസ്വേല പിന്തുണച്ച് കൊളംബിയ 

തങ്ങളെ അനുസരിക്കാത്ത സർക്കാരുകളെ താഴെയിറക്കാനുള്ള അമേരിക്കയുടെ തന്ത്രമായാണ് കൊളംബിയ അമേരിക്കൻ തീരുമാനത്തെ വിലയിരുത്തുന്നത്. എന്നാൽ കാർട്ടൽ ഓഫ് ദി സൺസ് നിലനിൽക്കുന്നു എന്നു മാത്രമല്ല, അത് വെനിസ്വേലയുടെ സൈന്യം, ഇന്റലിജൻസ്, നിയമനിർമ്മാണ സഭ, ജുഡീഷ്യറി എന്നിവയെ അഴിമതിയിൽ മുക്കിയെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിശദമാക്കുന്നത്. എന്നാൽ സത്യം ഈ രണ്ട് വാദങ്ങൾക്കും ഇടയിലാണെന്നാണ് അന്താരാഷ്ട്ര വിദഗ്ധരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 1990കളിലാണ് കാർട്ടൽ ഓഫ് ദി സൺസ് എന്ന പേര് കേൾക്കാൻ തുടങ്ങിയത്. വെനസ്വേലയിലെ ലഹരി കാർട്ടലുകളുടെ നേതൃത്വത്തിലുള്ളവരെ വിശേഷിപ്പിക്കാൻ വെനസ്വേലയിലെ മാധ്യമങ്ങളാണ് ഈ പേര് ആദ്യം പ്രയോഗിച്ചത്. വെനസ്വേലയിലെ ദേശീയ സേനയിലെ ഉന്നതന് ലഹരി സംഘങ്ങളുമായി ഉള്ള ബന്ധത്തേക്കുറിച്ചുള്ള വാർത്തകളിലാണ് ഈ പദം പ്രയോഗിക്കപ്പെട്ട് തുടങ്ങിയത്. മുതിർന്ന സൈനിക പദവിയിലുള്ളവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന സൂര്യന്റെ അടയാളമായിരുന്നു ഈ പേരിന് പിന്നിൽ. ലോകത്തിൽ ഏറ്റവും കൂടുതൽ കൊക്കെയ്ൻ നിർമ്മിക്കുന്ന കൊളംബിയയുടെ പ്രവർത്തനങ്ങൾക്ക് പിന്നാലെ 1980കളുടെ അവസാനവും 1990കളുടെ തുടക്കത്തിലുമാണ് ഈ സംഘടന പ്രവർത്തനം സജീവമാക്കിയതെന്നാണ് സംഘടിത കുറ്റകൃത്യങ്ങളേക്കുറിച്ച് പഠിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

അക്കാലത്ത് വെനസ്വേലയിലെ നഗരങ്ങളിലെ ലഹരി ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് മെഡെലിൻ കാർട്ടൽ എന്ന സംഘമായിരുന്നു. ഇവർക്കെതിരെ പൊലീസ് നടപടി ശക്തമായപ്പോൾ പതിവ് ലഹരി കടത്ത് വഴികളിൽ നിന്ന് വേറിട്ട മാർഗം നൽകുന്നതിലൂടെയാണ് കാർട്ടൽ ഓഫ് ദി സൺസ് മേഖലയിൽ ശക്തമായത്. ഹ്യൂഗോ ഷാവേസ് പ്രസിഡന്റ് ആയിരുന്ന 1999 മുതൽ 2013 വരെയുള്ള കാലത്ത് കാർട്ടൽ ഓഫ് ദി സൺസ് വലിയ രീതിയിൽ ശക്തരായിയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. കൃത്യമായ രീതിയിൽ സൈനിക ഉദ്യോഗസ്ഥർക്ക് ശമ്പളം അടക്കമുള്ളവ നൽകാൻ മഡൂറോയ്ക്ക് സാധിക്കാതെ വന്നതോടെ മധ്യനിരയിലെ ഉദ്യോഗസ്ഥർ ലഹരി സംഘങ്ങൾക്ക് അനുകൂല നിലപാടുകൾ സ്വീകരിച്ചതായാണ് വിദഗ്ധർ വിശദമാക്കുന്നത്. 2020 മുതൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മഡൂറോയും മറ്റ് 14 പേരും കൊളംബിയൻ സംഘങ്ങളുമായി ചേർന്ന് അമേരിക്കയിലേക്ക് ലഹരി വലിയ രീതിയിൽ എത്തിക്കുന്നതായി ആരോപണം ഉയർത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം