വെന്നീസ്: ഇറ്റാലിയന്‍ നഗരമായ വെനീസില്‍ പ്രളയം. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗത്തിലെ 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നഗരത്തിലെ പ്രധാന കേന്ദ്രമായ സെന്റ് മാര്‍ക്വസ് ചത്വരത്തില്‍ മൂന്നടിയിലേറെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ശക്തമായ വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ പ്രധാന വിനോദ സഞ്ചാര ആകാര്‍ഷണ സ്ഥലങ്ങളായ കൊട്ടാരങ്ങളും, ഹോട്ടലുകളും വെള്ളത്തിലാണ്. നിരവധി വിനോദ സഞ്ചാരികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ പുതിയ ബുക്കിംഗ് സ്വീകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

1.87 മീറ്റര്‍ ഉയരത്തിലുള്ള തിലമാലകളാണ് ഇപ്പോള്‍ വെന്നീസ് തീരത്ത് അടിക്കുന്നത്. ഇതാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായത്. കാലവസ്ഥ വ്യതിയാനമാണ് ഇറ്റാലിയന്‍ തീരത്തെ വലിയ തിരമാലകള്‍ക്ക് കാരണം എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.

അതേ സമയം ഇറ്റാലിയൻ പ്രധാനമന്ത്രി  ജൂസെപ്പി കോണ്ടെ  വെനീസ് സന്ദർശിച്ചു. പ്രളയം ബാധിച്ച പ്രദേശങ്ങൾ സന്ദര്‍ശിച്ച ഇദ്ദേഹം. വെന്നീസ് മേയർ അടക്കം പ്രധാന അധികൃതരുമായി സ്ഥിതി​ഗതികൾ വിലയിരുത്തി.