കറാച്ചി: വെറ്ററിനറി ഡോക്ടറായ യുവാവ് ഖുര്‍ ആനെ അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്ന് പാകിസ്ഥാനില്‍ സംഘര്‍ഷം. ദക്ഷണി സിന്ധ് പ്രവിശ്യയിലാണ് തിങ്കളാഴ്ച ചിലര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മതനിന്ദകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത്. രമേഷ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഹിന്ദുക്കള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായി അക്രമമുണ്ടായി. ഫുലാദ്യോന്‍ പട്ടണത്തില്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.

പള്ളിയിലെ ഇമാം നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഖുര്‍ ആന്‍ പേജ് കീറുകയും മരുന്ന് പൊതിഞ്ഞുനല്‍കിയെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള പരാതിയില്‍ പറയുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഡോക്ടറെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 
സൗത്ത് സിന്ധും കറാച്ചിയും ഹിന്ദു ന്യൂനപക്ഷം കൂടുതലായി താമസിക്കുന്ന പ്രദേശമാണ്. മതനിന്ദ കുറ്റമാരോപിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് ഹിന്ദു കൗണ്‍സില്‍ ആരോപിച്ചു.

1987നും 2016നും ഇടയില്‍ 1472 പേര്‍ക്കെതിരെയാണ് മതനിന്ദ കുറ്റം ചുമത്തിയത്. ഹിന്ദു വിഭാഗമാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷം. ഔദ്യോഗിക കണക്കുപ്രകാരം 75ലക്ഷമാണ് പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ. കഴിഞ്ഞ വര്‍ഷം മതനിന്ദ കുറ്റം ചുമത്തിയ ആസിയ ബീബി എന്ന ക്രിസ്റ്റ്യന്‍ യുവതിയെ സുപ്രീം കോടതി വെറുതെ വിട്ട സംഭവം പാകിസ്ഥാനില്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. ജയില്‍മോചിതയായ ആസിയ കഴിഞ്ഞ മാസമാണ് പാകിസ്ഥാനില്‍നിന്ന് കാനഡയിലെത്തിയത്.