അമേരിക്കയിലെ തന്റെ വാൾമാർട്ട് ഓഫീസിൽ മാതാപിതാക്കളെ കറങ്ങി കാണിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാഷിങ്ടൺ: നമ്മൾ ജോലി ചെയ്യുന്ന ഇടം മാതാപിതാക്കളെ കൂടി കാണിക്കണമെന്നും പരിചയപ്പെടുത്തണമെന്നും ആഗ്രഹിക്കുകയും അത് പൂര്‍ത്തീകരിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജോലി ചെയ്യുന്നത് വിദേശത്താണെങ്കിലും പലര്‍ക്കും ഇത് സാധിക്കാതെ വരാറുമുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മാതാപിതാക്കളുമായി അമേരിക്കയിൽ താൻ ജോലി ചെയ്യുന്ന സ്ഥലത്ത് കറങ്ങുന്ന ഒരു ഇന്ത്യൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വളരെ ഹ്രസ്വമായ വീഡിയോ ആണ് ഓൺലൈനിൽ ശ്രദ്ധ നേടുന്നത്. ഏവരും സ്വപ്നം കാണുന്ന ഈ നിമിഷം ദേവശ്രീ ഭാരതിയ എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വാൾമാർട്ടിന്റെ യുഎസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ദേവശ്രീ, കഠിനാധ്വാനത്തിലൂടെ താൻ എത്തിച്ചേര്‍ന്ന ഓഫീസിന്റെ വിവിധ ഭാഗങ്ങൾ മാതാപിതാക്കളെ കാണിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
മീറ്റിംഗ് റൂം മുതൽ ജിം, ലോബി വരെ ഓഫീസ് കോംപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളിലൂടെ ദേവശ്രീ മാതാപിതാക്കളോടൊപ്പം നടക്കുന്നുണ്ട്. ഈ സമയത്തെല്ലാം മാതാപിതാക്കളുടെ മുഖത്തെ പുഞ്ചിരി മായുന്നില്ല. പിതാവിന്റെ കൗതുകത്തോടെയുള്ള പ്രതികരണങ്ങളും, അമ്മ അത്ഭുതപ്പെടുന്നതും അധികമൊന്നും പറയാതെ ഒപ്പിയെടുത്ത ലളിതവുമായ ഹൃദയം തൊടുന്ന നിമിഷങ്ങളാണ് വീഡിയോ.
ഇതുപോലുള്ള ആഡംബര ഓഫീസുകൾ അവർ മുന്പ് കണ്ടിട്ടില്ല, ആദ്യമായി ഇത്രയും മികച്ച സൗകര്യങ്ങൾ കണ്ടപ്പോൾ അവർ അത്ഭുതപ്പെടുകയും വളരെയധികം സന്തോഷിക്കുകയും ചെയ്തു എന്നും ദേവശ്രീ കുറിച്ചു. മക്കളെ കുറിച്ച് അഭിമാനിക്കുന്ന മാതാപിതാക്കൾ, അതാണ് ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത്' എന്നും അവർ കൂട്ടിച്ചേർത്തു.
ചെറിയൊരു വീഡിയോ കാഴ്ചക്കാരെ എത്രത്തോളമാണ് ആകര്‍ഷിച്ചതെന്ന് വീഡിയോക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. വിദേശത്തുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ വലിയ തരംഗമായി വീഡിയോ മാറി. മാതാപിതാക്കളെ ചേര്‍ത്തുപിടിച്ചുള്ള യുവതിയുടെ വീഡിയോ അതുകൊണ്ട് അതിവേഗമാണ് ആളുകൾ ഏറ്റെടുത്തത്.