ഓസ്ട്രേലിയ: സർവ്വം നശിപ്പിച്ച് ഓസ്ട്രേലിയയിൽ കാട്ടുതീ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി പ്രദേശങ്ങള്‍ കത്തി നശിക്കുകയും കോടിക്കണക്കിന് മൃ​ഗങ്ങൾ വെന്തുമരിക്കുകയും ചെയ്തു. കോല കരടികളുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന കംഗാരു ഐലന്‍ഡില്‍ നിരവധി കോലകളാണ് കാട്ടുതീയിൽ പെട്ട് ചത്തത്. ഏകദേശം കാല്‍ലക്ഷത്തോളം കോലകള്‍ ചത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കിയുള്ളവ അതിജീവിക്കാനുള്ള പരിശ്രമത്തിലാണ്. കോലകളുടെ ജന്മദേശം എന്നാണ് ഓസ്ട്രേലിയ അറിയപ്പെടുന്നത്. 

​ഗുരുതരപരിക്കുകളോടെ ജീവൻ തീരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ജന്തുക്കളുടെ നിരവധി ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നിരവധി സുമസ്സുകൾ ഇവയെ രക്ഷിക്കാൻ ലഭിക്കുന്ന അവസരങ്ങളെല്ലാം വിനിയോ​ഗിക്കുന്നുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദാഹിച്ചു വലഞ്ഞൊരു കോലക്കുഞ്ഞിന് വെള്ളം കൊടുക്കുകയാണ് അ​ഗ്നിശമനസേനാം​ഗം. വെള്ളം കുടിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകും എത്രത്തോളം ദാഹിച്ചാണ് ആ കുഞ്ഞുജീവി ഇരുന്നതെന്ന്. കോലയുടെ കൈകളിൽ മറ്റൊരു ബോട്ടിലുമുണ്ട്. 

ഹൃദയം തൊടുന്ന വീഡിയോ എന്നാണ് ഈ വീഡിയോക്ക് പലരും കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ ഷെയർ ചെയ്തിട്ടുമുണ്ട്. 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് 20.6 k വ്യൂവാണ് ലഭിച്ചത്. 11.6 k റീട്വീറ്റും ഇതിന് ലഭിച്ചിട്ടുണ്ട്. 38000 പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
വീഡിയോ കണ്ട് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ തന്റെ കണ്ണ് നിറഞ്ഞതെന്നാണ് ഒരു ട്വിറ്റർ യൂസർ ചോദിക്കുന്നത്. മൃഗങ്ങൾ ഇത്തരത്തിൽ ബുദ്ധി മുട്ടുന്ന കാഴ്ച ഹൃദയഭേദകമാണെങ്കിലും അഗ്നി ശമന സേനാംഗങ്ങൾ അവരെ സഹായിക്കുന്നതും രക്ഷിക്കുന്നതും നല്ല കാഴ്ചയാണെന്നാണ് മറ്റൊരു ട്വിറ്റർ യൂസർ പറഞ്ഞത്. കോലയ്ക്ക് വെള്ളം കൊടുക്കുന്ന അഗ്നിശമന സേനാംഗത്തെയും നിരവധി പേർ പ്രശംസിക്കുന്നുണ്ട്.