ജനീവ:  കൊവിഡ് 19 മഹാമാരിക്ക് പിന്നാലെ സുനാമി പോലെ പടരുന്ന വിദ്വേഷ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്.  ലോകം മുഴുവന്‍ ഒന്നായി നിന്ന് ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ നേരിടണമെന്നാണ് ഗുട്ടറെസ് ആവശ്യപ്പെടുന്നത്. വിദേശികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും മുസ്ലിമുകള്‍ക്കുമെതിരായ വ്യാപകമായ രീതിയിലുള്ള വിദ്വേഷ പ്രചരണമാണ്  കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്നത്.

ഇവര്‍ക്കെല്ലാം വില്ലന്‍ പരിവേഷം നല്‍കാനാണ് ഇത്തരം പ്രചാരകര്‍ ശ്രമിക്കുന്നത്. സ്വന്തം ജോലികള്‍ ചെയ്യുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിക്കപ്പെടുന്ന സാഹചര്യവും ഇത്തരം പ്രചാരണങ്ങള്‍ സൃഷ്ടിച്ചു. സമൂഹം ഈ അവസരത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതരി ശക്തിയാര്‍ജിക്കണം. വിദ്വേഷ പ്രചാരണങ്ങളെ അങ്ങനെ മാത്രമാണ് പരാജയപ്പെടുത്താന്‍ സാധിക്കൂ.

മഹാമാരിക്കിടെ നടക്കുന്ന ഇത്തരം പ്രചാരണങ്ങളെ സമൂഹമാധ്യമങ്ങള്‍ക്ക് തടയാന്‍ സാധിക്കണം. ദുര്‍ബലരായവരെ ചുറ്റുമുള്ളവര്‍ ശക്തിപ്പെടുത്തണം. കൊവിഡ് 19 ബാധിക്കുന്നതിന് മതമോ ജാതിയോ വര്‍ഗമോ വര്‍ണമോ ഒരു ഘടകമല്ലെന്നും അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു.