പാകിസ്ഥാന് വൻ തിരിച്ചടിയാണ് ഈ നീക്കം. വിസാ ചട്ടങ്ങൾ പാലിക്കുന്നതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനാലാണ് ഈ നീക്കമെന്നാണ് യുഎസ് എംബസി വ്യക്തമാക്കുന്നത്. 

വാഷിംഗ്ടൺ: പാകിസ്ഥാൻ പൗരൻമാർക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക. അഞ്ച് വ‍ർഷത്തിൽ നിന്ന് ഒരു വർഷമായാണ് പാക് പൗരൻമാരുടെ വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചത്. അന്താരാഷ്ട്രതലത്തിൽത്തന്നെ പാകിസ്ഥാന് വൻ തിരിച്ചടിയാണ് ഈ നീക്കം. 

പാക് മാധ്യമപ്രവർത്തകർക്കുള്ള വിസാ കാലാവധിയും അമേരിക്ക വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസം മാത്രമേ ഇനി മാധ്യമപ്രവർത്തകർക്ക് വിസ അനുവദിക്കൂ. അതിന് ശേഷം വീണ്ടും വിസ പുതുക്കണം.

Scroll to load tweet…

വിസാ അപേക്ഷകൾക്കുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. I വിസ (ജേണലിസ്റ്റ് & മീഡിയ വിസ), H വിസ (താൽക്കാലിക വർക്ക് വിസ), L വിസ (ഇന്റർകമ്പനി വർക്ക് വിസ), R വിസ (മതപ്രചാരകർക്കുള്ള വിസ) എന്നിവയ്ക്കാണ് വിസ അപേക്ഷാ ഫീസ് കൂട്ടിയത്. കൂട്ടിയ ഫീസ്, വിസ അപേക്ഷ അംഗീകരിക്കുകയാണെങ്കിൽ മാത്രം അടച്ചാൽ മതി.

അതേസമയം, ജനുവരി 21 വരെ നൽകിയ വിസാ അപേക്ഷകളിൽ അംഗീകരിക്കപ്പെട്ടവരെല്ലാം, അധികഫീസ് അടയ്ക്കേണ്ടി വരും. I വിസയ്ക്ക് 32 ഡോളറും, മറ്റ് വിസകൾക്ക് 38 ഡോളറുമാണ് അടയ്ക്കേണ്ടത്. 

ഇതോടെ മാധ്യമപ്രവർത്തകർക്കുള്ള വിസാ അപേക്ഷാത്തുക 192 ഡോളറായി ഉയർന്നു. മറ്റെല്ലാ വിസാ വിഭാഗങ്ങൾക്കും 198 ഡോളർ വീതം വിസാ അപേക്ഷയ്ക്ക് നൽകണം.

അമേരിക്കൻ പൗരൻമാർക്കുള്ള വിസാ കാലാവധി നേരത്തേ പാകിസ്ഥാൻ വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടർന്നാണ് പാക് വിസകൾക്കും സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചത്. 

എന്നാൽ B1, B2 വിസകളുടെ കാര്യത്തിൽ ഒന്നും യുഎസ് എംബസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നില്ല. ഇത് അഞ്ച് വർഷമായി തുടരുമോ എന്ന കാര്യം വ്യക്തമല്ല. 

ബിസിനസ് സന്ദർശനങ്ങൾക്കുള്ളതാണ് B1 വിസ. ടൂറിസ്റ്റ്, മെഡിക്കൽ സന്ദർശനങ്ങൾക്കുള്ളതാണ് B2 വിസ.