ദില്ലി: ഈ വർഷത്തെ വിഖ്യാതമായ റമൺ മാഗ്‍സസെ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന്. ''ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമപ്രവർത്തനത്തെ'' മാറ്റിയതിനും, ''നൈതികതയും പ്രൊഫഷണലിസവും ഇഴ ചേർത്തുകൊണ്ട് മാധ്യമപ്രവർത്തനം തുടരുന്നതിനു''മാണ് പുരസ്കാരമെന്ന് മഗ്‍സസെ ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ''ഏഷ്യയിലെ നൊബേൽ'' എന്നാണ് മഗ്‍സസെ പുരസ്കാരം അറിയപ്പെടുന്നത്. രവീഷ് കുമാറുൾപ്പടെ അഞ്ച് പേർക്കാണ് ഇത്തവണ പുരസ്കാരം നൽകുക. 

രവീഷിന് പുറമേ, മ്യാൻമറിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ കോ സ്വെ വിൻ, തായ്‍ലൻഡിൽ നിന്നുള്ള മനുഷ്യാവകാശപ്രവർത്തക ആങ്ഖാനാ നീലാപായ്‍ജിത്, ഫിലിപ്പീൻസിൽ നിന്നുള്ള സംഗീതജ്ഞൻ റായ്‍മണ്ടോ പുജാൻതെ കായാബ്യാബ്, ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രശസ്ത യുവനടൻ കിം ജോങ് കി എന്നിവരാണ് ഇത്തവണ പുരസ്കാരത്തിനർഹരായത്. 

മാധ്യമപ്രവർത്തനത്തിന്‍റെ അടിസ്ഥാനപരമായ എല്ലാ മൂല്യങ്ങളോടെയും, കൃത്യമായി വാർത്തകളുടെ എല്ലാ വശങ്ങളും പക്ഷഭേദമില്ലാതെ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവർത്തകനാണ് രവീഷെന്ന് പുരസ്കാര നിർണയസമിതി വിലയിരുത്തുന്നു. ''ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാൻ നിങ്ങൾക്ക് കഴിയുന്നുവെങ്കിൽ നിങ്ങളൊരു മാധ്യമപ്രവർത്തക/ൻ ആണ്'', എന്ന് പുരസ്കാര നിർണയസമിതിയുടെ കുറിപ്പ്. 

ആരാണ് രവീഷ് കുമാർ?

ബിഹാറിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നായ ജിത്‍വാർപൂർ ഗ്രാമത്തിൽ നിന്നുള്ള രവീഷ് കുമാർ എൻഡിടിവിയിലെത്തുന്നത് 1996-ലാണ്. തുടക്കത്തിൽ ഫീൽഡ് റിപ്പോർട്ടറായി ഉത്തരേന്ത്യയൊട്ടാകെ രവീഷ് സഞ്ചരിച്ചു.

എൻഡിടിവി ഹിന്ദി എന്ന പ്രത്യേക ചാനൽ എൻഡിടിവി നെറ്റ്‍വർക്ക് തുടങ്ങിയപ്പോൾ ദിവസം തോറുമുള്ള വാർത്താ ചർച്ചയുടെ ചുമതല രവീഷ് കുമാറിനായിരുന്നു. ''പ്രൈം ടൈം'' എന്ന ആ ഷോ, ഇന്ത്യയിലെമ്പാടുമുള്ള ഹിന്ദി പ്രേക്ഷകർക്ക് സുപരിചിതമായി. ദൂരദർശന്‍റെ വികാരരഹിതമായ വാർത്താ ചർച്ചകൾക്കും, മറ്റ് ചില സ്വകാര്യ വാർത്താ ചാനലുകളുടെ ബഹളങ്ങൾക്കുമിടയിൽ, കൃത്യം നിലപാടോടെ, സമചിത്തതയോടെ വഴിമാറി നടന്നു രവീഷ് കുമാറിന്‍റെ ''പ്രൈം ടൈം''. 

ജെഎൻയു സമരകാലത്ത് വ്യാജവാർത്തകളുടെയും വർഗീയതയും ഭിന്നിപ്പും നിറഞ്ഞുനിന്ന ടെലിവിഷൻ പരിസരങ്ങളെക്കുറിച്ച് ഒരു മണിക്കൂർ പ്രൈംടൈമിൽ ഇരുട്ടിൽ നിന്ന് സംസാരിച്ചു രവീഷ് കുമാർ. അത്, രാജ്യത്തെ ഇന്നിന്‍റെ മാധ്യമപ്രവർത്തനത്തോട്, സ്വയം പ്രതിക്കൂട്ടിലാക്കിത്തന്നെ നടത്തിയ സ്വയം വിമർശനമായിരുന്നു. അന്നത് പറയാൻ ഒരു രവീഷ് കുമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും. 

''വാർത്തകളിൽ വരെ ഇടപെടുന്ന ഭരണകൂടവും, വ്യാജവാർത്തകളുടെയും ട്രോളുകളുടെയും അതിപ്രസരവും നിലനിൽക്കുന്ന മാധ്യമമേഖലയിൽ, റേറ്റിംഗും യഥാർത്ഥ മാധ്യമപ്രവർത്തനവും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കേ, മാധ്യമപ്രവർത്തനത്തെ അതിന്‍റെ അടിസ്ഥാനമൂല്യങ്ങളിൽ അടിയുറച്ച് നിർത്തുന്നു രവീഷ് കുമാർ'' എന്ന് പുരസ്കാര നിർണയസമിതി വിലയിരുത്തുന്നതും അതുകൊണ്ടുതന്നെ. 

നിലവിൽ എൻഡിടിവിയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററാണ് രവീഷ് കുമാർ. 

bev57dgg