നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ സാധിക്കുമെങ്കിൽ രണ്ടു തവണ വോട്ടു ചെയ്യാൻ ട്രംപ് വോട്ടർമാരോട് ആവശ്യപ്പെട്ടതായി ആരോപണം

വാഷിങ്ടൺ: നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ സാധിക്കുമെങ്കിൽ രണ്ടു തവണ വോട്ടു ചെയ്യാൻ ട്രംപ് വോട്ടർമാരോട് ആവശ്യപ്പെട്ടതായി ആരോപണം. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പോസ്റ്റൽ വോട്ടും നേരിട്ടുള്ള വോട്ടും ചെയ്യാൻ ശ്രമിക്കണമെന്ന് വോട്ടർമാരോട് ഒന്നിലധികം തവണ ട്രംപ് ആവശ്യപ്പെട്ടതിന്റെ വിവരങ്ങൾ പുറത്തുവന്നത്.

ഒന്നിലധികം തവണ വോട്ടു ചെയ്യാൻ ശ്രമിക്കുന്നത് അമേരിക്കയിൽ കുറ്റകരമാണ്. ട്രംപിന്റെ നടപടിക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തി. നിയമലംഘനത്തിനാണ് ട്രംപ് പ്രോത്സാഹിപ്പിക്കുന്നതെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോഷ് സ്‌റ്റൈന്‍ ട്വീറ്റ് ചെയ്തു. 'നിങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, പക്ഷെ അത് രണ്ടു തവണയല്ലെന്നും', ഡെമോക്രാറ്റ് കൂടിയായ സ്റ്റൈന്‍ പറയുന്നു.

എന്നാൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താനും, രേഖപ്പെടുത്തിയില്ലെങ്കിൽ നേരിട്ടെത്തി വോട്ട് ചെയ്യാനുമാണ് പ്രസിഡന്റ് നിർദേശിച്ചതെന്ന് വൈറ്റ് ഹൌസ് വൃത്തങ്ങൾ വിശദീകരിച്ചു. അതേസമയം, വ്യാഴാഴ്ച രാവിലെ തുടർച്ചയായ ട്വീറ്റുകളിൽ ട്രംപ് വീണ്ടും തന്റെ പിന്തുണക്കാരോട് പോസ്റ്റൽ വോട്ട് വഴി നേരത്തെ വോട്ടുചെയ്യാനും തുടർന്ന് വ്യക്തിപരമായി വോട്ടുചെയ്യാനും ആവശ്യപ്പെട്ടു. പോസ്റ്റുകൾ ട്വിറ്ററും, ഫേസ്ബുക്കും നീക്കം ചെയ്തില്ലെങ്കിലും മുന്നറിയിപ്പുകൾ ചേർത്തിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…