പാകിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ മിനിമം വേതനം 25,000 രൂപയായി ഉയർത്തുന്നതായി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.
ഇസ്ലാമാബാദ്: പിടിഐ അധ്യക്ഷൻ ഇമ്രാൻഖാനെ പ്രധാനമന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിൻ്റെ സംയുക്ത സ്ഥാനാർത്ഥി ഷെഹബാസ് ഷെരീഫ് പാകിസ്ഥാൻ്റെ 23-ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് മത്സരിക്കാൻ പിടിഐ തീരുമാനിച്ചിരുന്നതിനാൽ പിടിഐയുടെ ഔദ്യോഗിക സ്ഥാനാർത്ഥി ഷാ മെഹമ്മൂദ് ഖുറേഷിക്ക് ഒരു വോട്ടും ലഭിച്ചില്ല. ഷെഹ്ബാസിന് 174 വോട്ടുകൾ ലഭിച്ചു.
ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തണം എന്നാണ് ആഗ്രഹമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ഷെഹബാസ് ഷെരീഫ് പറഞ്ഞു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ സുസ്ഥിര സമാധാനം ഉറപ്പാക്കാൻ കശ്മീർ വിഷയം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെന്ന നിലയിൽ ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ മിനിമം വേതനം 25,000 രൂപയായി ഉയർത്തുന്നതായി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു. മറ്റു ആശ്വാസ നടപടികളുടെ ഭാഗമായി യൂട്ടിലിറ്റി സ്റ്റോറുകളിൽ വില കുറഞ്ഞ ഗോതമ്പ് ലഭ്യമാകുമെന്നും യുവാക്കൾക്ക് ലാപ്പ്ടോപ്പുകൾ നൽകുമെന്നും ഷെഹബാസ് പ്രഖ്യാപിച്ചു. "അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 1 രൂപ ഉയർന്നപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് പറഞ്ഞ വ്യക്തിയാണ് ഇമ്രാൻ ഖാൻ, ഇപ്പോൾ രൂപ ഏകദേശം 8 രൂപ വീണ്ടെടുത്തത് അദ്ദേഹം കാണണം - ഷെഹബാസ് പറഞ്ഞു.
ദേശീയ അംസബ്ലിയിൽ ഷെഹ്ബാസ് പറഞ്ഞ പ്രധാന കാര്യങ്ങൾ -
- തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നുവെന്ന ഇമ്രാൻ ഖാൻ്റെ വാദം വെറും നാടകം മാത്രമാണ്. വിദേശ ശക്തികളെ ഉപയോഗിച്ച് ഞങ്ങൾ ഗൂഢാലോചന നടത്തിയതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ, അടുത്ത നിമിഷം രാജിവയ്ക്കാൻ ഞാൻ തയ്യാറാണ്.
- ചൈനയും സൗദി അറേബ്യയും തുർക്കിയും പാകിസ്ഥാൻ്റെ വളരെ അടുത്ത സുഹൃത്തുകളാണ്. ആ ബന്ധം അതേപോലെ തുടരും.
- ഇന്ത്യയും അമേരിക്കയുമായും നല്ല ബന്ധം തുടരേണ്ടത് പാകിസ്ഥാൻ്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമാണ്. ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തണം എന്നാണ് ആഗ്രഹം. പക്ഷേ കശ്മീർ വിഷയം പരിഹരിക്കാതെ പൂർണതോതിലുള്ള സൗഹൃദം ഇന്ത്യയുമായി സ്ഥാപിക്കുക അസാധ്യമാണ്.
- ചൈനീസ് സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള ഇടപെടലുണ്ടാവും. ചൈനയുമായുള്ള പാകിസ്ഥാൻ്റെ സൗഹൃദം അതിശക്തമാണ്. ചൈനയുമായുള്ള നമ്മുടെ സൗഹൃദത്തെ ദുർബലമാക്കുന്ന തരത്തിലാണ് മുൻസർക്കാർ ഇടപെട്ടത്.
ശനിയാഴ്ച രാവിലെ ചേർന്ന പാകിസ്ഥാൻ ദേശീയ അംസ്ലബിയിൽ 14 മണിക്കൂറോളം നീണ്ട തർക്കത്തിന് അവസാനമാണ് ദേശീയ അംസബ്ലിയുടെ അധോസഭ ഇമ്രാൻഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ അവിശ്വാസ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര ഖാസിം സൂരിയുടെ അധ്യക്ഷതയിൽ ഖുർ ആൻ പാരായണത്തിന് ശേഷമാണ് തിങ്കളാഴ്ചയത്തെ സമ്മേളനം ആരംഭിച്ചത്. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം സഭ താത്കാലികമായി പിരിഞ്ഞു.
സംയുക്ത പ്രതിപക്ഷ അംഗങ്ങളുടെ നേതാക്കളുടെ കഠിനമായ പരിശ്രമവും അള്ളാഹുവിൻ്റെ അനുഗ്രഹവും കാരണമാണ് അസാധാരണ പ്രതിസന്ധിയിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ പുറത്താക്കുന്നതെന്നും ഇത് ചരിത്രത്തിൽ ഇടം നേടുന്ന ദിവസമാണെന്നും പറഞ്ഞ ഷെഹബാസ് ജനങ്ങളുടെ സന്തോഷം സാമ്പത്തിക സൂചികകളിൽ കൂടി പ്രകടമാകുമെന്ന് പാകിസ്ഥാൻ രൂപയുടെ മൂല്യത്തിലുണ്ടായ വർധന ചൂണ്ടിക്കാട്ടി പറഞ്ഞു.
