റഷ്യൻ സർവകലാശാലകളിൽ ഹിന്ദി ഭാഷാ പഠനം വിപുലപ്പെടുത്താൻ റഷ്യ തീരുമാനിച്ചു. ഇന്ത്യയിൽ ഇംഗ്ലീഷിനേക്കാൾ കൂടുതൽ പേർ ഹിന്ദി ഉപയോഗിക്കുന്നതിനാലും സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങൾ വർധിച്ചുവരുന്നതിനാലുമാണ് ഈ നീക്കം.

മോസ്കോ: റഷ്യൻ സർവകലാശാലകളിൽ ഹിന്ദി ഭാഷാപഠനം വിപുലപ്പെടുത്തണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ, ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷിനേക്കാൾ കൂടുതൽ പേർ ഹിന്ദി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ റഷ്യൻ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മോസ്കോയിലെ പ്രമുഖ സർവകലാശാലകളായ എം.ജി.ഐ.എം.ഒ., ആർ.എസ്.യു.എച്ച്. തുടങ്ങിയ സ്ഥാപനങ്ങളിൽ ഹിന്ദി പഠനത്തിനുള്ള അവസരങ്ങളുണ്ട്. സെന്റ് പീറ്റേഴ്സ്ബർഗ്, കസാൻ ഫെഡറൽ സർവകലാശാലകളിലും ഹിന്ദി പഠന ഗ്രൂപ്പുകളുടെ എണ്ണം രണ്ടോ മൂന്നോ ഇരട്ടിയായി വർധിച്ചതായി മൊഗിലേവ്സ്കി വ്യക്തമാക്കി. വർധിച്ചുവരുന്ന സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദി പഠനത്തിനുള്ള പ്രാധാന്യം റഷ്യൻ വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഇതൊരു പുതിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്ക തീരുവ വർദ്ധിപ്പിച്ചിരുന്നു. ഇന്ത്യക്കെതിരെ അമേരിക്ക നിലപാട് കർശനമാക്കിയതോടെ ഇന്ത്യ റഷ്യയോട് കൂടുതൽ അടുത്തിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഈ സാഹചര്യത്തിൽ, ഹിന്ദി പഠനത്തിനുള്ള പ്രോത്സാഹനം ഇരു രാജ്യങ്ങൾക്കുമിടയിലെ സാംസ്കാരിക സഹകരണത്തിന്റെ ഭാഗാമായാണ് വിലയിരുത്തുന്നത്.