Asianet News MalayalamAsianet News Malayalam

രാഹുല്‍ ദുബെ; ഒറ്റരാത്രി കൊണ്ട് യുഎസ് പ്രതിഷേധക്കാരുടെ ‘ഹീറോ‘ആയി മാറിയ ഇന്ത്യക്കാരന്‍

‘ഇന്നലെ രാത്രി രാഹുൽ ജീവൻ രക്ഷിച്ചു. സമാധാനപരമായ പോരാട്ടം ഉപേക്ഷിക്കാതിരിക്കാനുള്ള പ്രചോദനാത്മകമായ പ്രസംഗവും നൽകി. എന്തൊരു വ്യക്തി. നന്ദി രാഹുൽ’– പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾ ട്വിറ്ററിൽ കുറിച്ചു. 
 

washington resident rahul dubey shelter protesters during curfew
Author
Washington D.C., First Published Jun 5, 2020, 8:45 AM IST

വാഷിംഗ്ടണ്‍: ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ 80 ഓളം പ്രതിഷേധക്കാര്‍ക്ക് വീടിന്റെ വാതില്‍ തുറന്ന് അഭയം നൽകിയ ഇന്ത്യൻ-അമേരിക്കക്കാരനായ രാഹുല്‍ ദുബെയാണ് ഇപ്പോൾ യുഎസിൽ ‘ഹീറോ’. പൊലീസ് ടിയര്‍ ഗ്യാസും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ച് തുടങ്ങിയതോടെ ചിതറിയോടിയ പ്രതിഷേധക്കാര്‍ക്കാണ് 44 കാരനായ രാഹുല്‍ അഭയം നല്‍കിയത്. 

പ്രകടനം നടക്കുമ്പോൾ പൊലീസ് തെരുവ് അടയ്ക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. ആസമയത്ത് അഭയം തേടിയെത്തിയവരെയെല്ലാം വീടിനുള്ളിൽ കയറ്റി സുരക്ഷിതരാക്കുകയായിരുന്നു വാഷിങ്ടൺ ഡിസിയിൽ താമസിക്കുന്ന രാഹുൽ ദുബെ.

ബാത്‌റൂമുകള്‍ ഉപയോഗിക്കാനും ഫോണുകള്‍ ചാര്‍ജ് ചെയ്യാനുമുള്ള സൗകര്യം നേരത്തെ തന്നെ രാഹുല്‍ ഒരുക്കികൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് രാഹുല്‍ അഭയവും നല്‍കിയത്. ആളുകൾ അലറി വിളിക്കുന്ന ശബ്ദം കേട്ടുവെന്നും പത്ത് മിനിറ്റിനുള്ളിൽ വീടിനകത്തേക്ക് പ്രവേശിച്ചവരെയെല്ലാം സുരക്ഷിതരാക്കിയെന്നും രാഹുൽ പറയുന്നു.

പ്രതിഷേധക്കാരുടെ തലയുടെ വശത്തായും പുറകിലുമായും വീടിന്റെ ജനാലയ്ക്കുള്ളിലൂടെയും കുരുമുളക് സ്പ്രേ ചെയ്തുവെന്നും വാഷിംഗ്ടണ്‍ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ രാഹുൽ വ്യക്തമാക്കുന്നു. അതേസമയം, രാഹുൽ ദുബെയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധക്കാർ. കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയും അദ്ദേഹത്തെ ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു.

‘ഇന്നലെ രാത്രി രാഹുൽ ജീവൻ രക്ഷിച്ചു. സമാധാനപരമായ പോരാട്ടം ഉപേക്ഷിക്കാതിരിക്കാനുള്ള പ്രചോദനാത്മകമായ പ്രസംഗവും നൽകി. എന്തൊരു വ്യക്തി. നന്ദി രാഹുൽ’– പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾ ട്വിറ്ററിൽ കുറിച്ചു. 

അൽവാരെസ് ദുബെ ട്രേഡിങ് കമ്പനിയുടെ ഉടമയായ രാഹുൽ ദുബെ കഴിഞ്ഞ 17 വർഷമായി വാഷിങ്ടണിൽ താമസിക്കുകയാണ്. മെയ് 25നാണ് മിനിയപ്പലിസിൽ 46 കാരനായ ആഫ്രിക്കൻ-അമേരിക്കൻ വംശജന്‍ ജോർജ് ഫ്ലോയ്ഡിനെ പൊലീസുകാർ തെരുവിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ യുഎസിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.

Follow Us:
Download App:
  • android
  • ios