'ഞങ്ങൾ സ്വയം പോരാട്ടം നടത്തും, അമേരിക്ക ഞങ്ങളെ സഹായിക്കുന്നുണ്ട്. തിരിച്ചടി എങ്ങനെ നൽകണമെന്ന് ഞങ്ങൾക്കറിയാം'- ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി.
ദില്ലി: പാലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണവും ഇസ്രായേലിന്റെ തിരിച്ചടിയും പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കിയിരിക്കുകയാണ്. സംഘർഷം കടുക്കുമ്പോള്‍ മുന്നറിയിപ്പുമായി ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി നഓർ ഗിലോൺ രംഗത്തെത്തി. തിരിച്ചടി എങ്ങനെ നൽകണമെന്ന് ഞങ്ങൾക്കറിയാമെന്ന് നഓർ ഗിലോൺ പറഞ്ഞു. ഇസ്രയേലിനുവേണ്ടി ആരോടും യുദ്ദത്തിനിറങ്ങാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും നഓർ ഗിലോൺ വ്യക്തമമാക്കി.
'ഞങ്ങൾ സ്വയം പോരാട്ടം നടത്തും, അമേരിക്ക ഞങ്ങളെ സഹായിക്കുന്നുണ്ട്. തിരിച്ചടി എങ്ങനെ നൽകണമെന്ന് ഞങ്ങൾക്കറിയാം, അതിനുള്ള എല്ലാ സംവിധാനങ്ങളും ഞങ്ങളുടെ പക്കലുണ്ട് - ഗിലോൺ പറഞ്ഞു. അതേസമയം ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ ആര്‍മി മേജര്‍ ജനറല്‍ ഗസൻ അൽയാനും രംഗത്തെത്തി. ഹമാസ് തുറന്നത് നരകത്തിന്‍റെ കവാടമാണെന്നാണ് മേജര്‍ ജനറൽ പറഞ്ഞു. ഹമാസ് ഉപയോഗിക്കുന്ന ബഹുനില കെട്ടിടങ്ങൾ ലക്ഷ്യമിടുന്നതിന് മുമ്പ് താമസക്കാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേല്‍ സർക്കാർ നിയന്ത്രണത്തിലുള്ള വൈദ്യുതി കമ്പനി ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ചേദിച്ചിട്ടുണ്ട്.
ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ മാത്രം 313 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടായിരത്തിലേറെ പേരെ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ അവകാശപ്പെടുന്നത്.
