കസ്റ്റമർ ചോദിച്ചത് 260 പൗണ്ടിന്റെ മദ്യം, അബദ്ധവശാൽ എടുത്തു കൊടുത്തത് മൂന്നു ലക്ഷത്തിനു മേൽ വിലയുള്ളതും. ഒടുവിൽ വെയ്റ്ററോട് മുതലാളി പറഞ്ഞത്..
മാഞ്ചസ്റ്റർ : സ്ഥലത്തെ പ്രസിദ്ധമായ ഹാക്ക് മൂർ റെസ്റ്റോറന്റിൽ ഡിന്നറിനെത്തിയ ഒരു കുടുംബം ഓർഡർ ചെയ്തത്, 260 പൗണ്ട് ( ഏകദേശം 24,000 ഇന്ത്യൻ രൂപ) വിലയുള്ള Bordeaux എന്ന റെഡ് വൈനായിരുന്നു. ഹോട്ടലിലെ വെയ്റ്റർ അബദ്ധവശാൽ കൊണ്ട് കൊടുത്തതോ 4500 പൗണ്ട് ( ഏകദേശം 3.15 ലക്ഷം രൂപ ) വിലയുള്ള Chateau le Pin Pomerol 2001 എന്ന പ്രീമിയം വൈനും. എടുത്തുകൊടുത്ത വെയ്റ്ററോ, അത് കുടിച്ചുതീർത്ത കസ്റ്റമർ ഫാമിലിയോ അപ്പോൾ ഒന്നും അറിഞ്ഞില്ല. വൈകുന്നേരം ഹോട്ടലടയ്ക്കാൻ നേരം ബാറിലെ കുപ്പിയുടെ കണക്കു നോക്കിയപ്പോൾ കണ്ണ് തള്ളിപ്പോയത് മാനേജരുടെയാണ്. നേരത്തെ ചോദിച്ച റെഡ്‌വൈനിനു പകരം അന്ന് ഷിഫ്റ്റിലുണ്ടായിരുന്ന വെയ്റ്റർ എടുത്ത് കൊടുത്തത് പതിനേഴിരട്ടി വിലയുള്ള ഒരു പ്രീമിയം ക്വാളിറ്റി വൈനായിപ്പോയി.

നമ്മുടെ നാട്ടിലാണെങ്കിൽ എന്ത് നടന്നേനെ..? ആ വെയ്റ്ററുടെ തലയിലെ തൊപ്പി ആദ്യം തെറിച്ചേനെ.. പിന്നെ അന്നത്തെ ഷിഫ്റ്റ് മാനേജരുടെ ജോലിയും. ഒക്കുമെങ്കിൽ നഷ്ടപ്പെട്ട കാശിന്റെ പാതിയെങ്കിലും കസ്റ്റമാരോട് ചോദിച്ചു വാങ്ങാനും ശ്രമിച്ചേനെ. എന്നാൽ ഈ റെസ്റ്റോറന്റിൽ അന്നുരാത്രി നടന്നത് അതൊന്നും ആയിരുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെസ്റ്റോറന്റുടമ ദീർഘമായി ഒന്ന് നിശ്വസിച്ചു. എന്നിട്ട് സ്ഥാപനത്തിന്റെ ഒഫീഷ്യൽ ട്വിറ്റര് ഹാന്ഡിലിൽ നിന്നും ഇങ്ങനെ ട്വീറ്റ് ചെയ്തു.
"ഇന്നലെ അബദ്ധവശാൽ ഞങ്ങൾ മൂന്നുലക്ഷത്തില്പരം രൂപ വിലമതിക്കുന്ന Chateau le Pin Pomerol സെർവ് ചെയ്ത കസ്റ്റമറോട്. ഇന്നലത്തെ നിങ്ങളുടെ സായാഹ്നം സന്തോഷപൂർവ്വമായിരുന്നു എന്ന് കരുതുന്നു. അബദ്ധം പറ്റിപ്പോയ ഞങ്ങളുടെ ജീവനക്കാരനോട് ഒരു വാക്ക്. ഒരു തെറ്റൊക്കെ ആർക്കും പറ്റും. സാരമില്ല.. ഞങ്ങൾക്ക് നിങ്ങളോടുള്ള അടുപ്പം അതുപോലെ തന്നെ ഉണ്ട്, ഇപ്പോഴും.. വിഷമിക്കേണ്ട.. "
ഈ ട്വീറ്റിലൂടെ സ്ഥാപനമുടമ കാണിച്ച അന്തസ്സിനെ പ്രശംസിച്ചുകൊണ്ട് ട്വീറ്റുകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ. ജീവനക്കാരൻ കാണിച്ച തെറ്റ് അക്ഷന്തവ്യം എന്ന് പോലും പറയാമെങ്കിലും, കൈപ്പിഴ മനുഷ്യസഹജം എന്ന് കരുതി അയാളോട് ക്ഷമിക്കാൻ കാണിച്ച ആ മഹാമനസ്സിനെയും അനേകം ആളുകൾ പുകഴ്ത്തി.
