കാറ്റി സക്കറിയയ്ക്ക് പകരം പുതിയ പ്രസ് സെക്രട്ടറിയെ തെരഞ്ഞടുക്കുമ്പോൾ സൗന്ദര്യത്തിന് പകരം തൊഴിൽപരമായ കഴിവുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നായിരുന്നു സീൻ സ്പൈസറുടെ ഉപദേശം. ഓസ്ട്രേലിയൻ മാധ്യമമായ ന്യൂസ് 24-ന് നൽകിയ അഭിമുഖത്തിലാണ് സീൻ സ്പൈസർ ഇക്കാര്യം പറഞ്ഞത്.
വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്ന കാറ്റി സക്കറിയയെ അഞ്ചുദിവസത്തിനുള്ളിൽ പദവിയിൽനിന്ന് നീക്കിയതിന് പിന്നാലെ ട്രംപിന് ഉപദേശവുമായി മുൻ പ്രസ് സെക്രട്ടറി സീൻ സ്പൈസർ. കാറ്റി സക്കറിയയ്ക്ക് പകരം പുതിയ പ്രസ് സെക്രട്ടറിയെ തെരഞ്ഞടുക്കുമ്പോൾ സൗന്ദര്യത്തിന് പകരം തൊഴിൽപരമായ കഴിവുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നായിരുന്നു സീൻ സ്പൈസറുടെ ഉപദേശം. ഓസ്ട്രേലിയൻ മാധ്യമമായ ന്യൂസ് 24-ന് നൽകിയ അഭിമുഖത്തിലാണ് സീൻ സ്പൈസർ ഇക്കാര്യം പറഞ്ഞത്.
തന്റെ നയങ്ങളോട് യോജിച്ചുപോകുന്നവരും സൗന്ദര്യമുള്ളവരുമായ വ്യക്തികൾക്ക് പകരം കഴിവുകളും ജോലിക്ക് യോഗ്യരായവരെയും വേണം ട്രംപ് പ്രസ് സെക്രട്ടറിയായി നിയമിക്കേണ്ടതെന്നായിരുന്നു സീൻ സ്പൈസറുടെ അഭിപ്രായം. അമേരിക്ക ഫസ്റ്റ് എന്ന നയത്തിനായി ശക്തമായ പോരാട്ടം നടത്തിയ വ്യക്തിയാണ് കാറ്റി സക്കറിയ. പക്ഷേ, നയങ്ങളോടുള്ള കൂറും സൗന്ദര്യവും ഈ ജോലിയുടെ വെറും 20 ശതമാനം മാത്രമേയുള്ളൂ. വൈറ്റ് ഹൗസും പ്രസിഡന്റും ഈ ഭാഗങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിലാണ് താൻ മുന്നറിയിപ്പ് നൽകുന്നത്. ഒരു ജോലി സ്വീകരിക്കുന്നതിന് മുൻപ് ആ വ്യക്തി തന്റെ സ്വന്തം കഴിവുകളെക്കുറിച്ചും ദൗർബല്യങ്ങളെക്കുറിച്ചും ബോധവാനായിരിക്കണം. ഒരു സർക്കാർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് അറിയില്ലെങ്കിൽ, മുൻപ് മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ പരിചയമില്ലെങ്കിൽ പ്രസ് സെക്രട്ടറി പദവി നിങ്ങൾക്ക് യോജിച്ചതായിരിക്കില്ലെന്നും സീൻ സ്പൈസർ പറഞ്ഞു.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്നകരോലിൻ ലീവിറ്റ് കഴിഞ്ഞ ഓഗസ്റ്റിൽ പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് കാറ്റി സക്കറിയയെ പുതിയ പ്രസ് സെക്രട്ടറിയായി ട്രംപ് നിയമിച്ചത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിന്റെ മുൻ സീനിയർ കമ്മ്യൂണിക്കേഷൻസ് അഡ്വൈസറായിരുന്നു കാറ്റി സക്കറിയ. എന്നാൽ, പ്രസ് സെക്രട്ടറി ചുമതല ഏറ്റെടുത്ത് അഞ്ചുദിവസത്തിന് ശേഷം കാറ്റി സക്കറിയയെ പുറത്താക്കുകയായിരുന്നു. കാറ്റി സക്കറിയ നടത്തിയ ആദ്യ വാർത്താസമ്മേളനവും ഇതിനുപിന്നാലെയുണ്ടായ വിവാദങ്ങളുമാണ് പുറത്താക്കലിന് കാരണമായത്. വാർത്താ സമ്മേളനത്തിൽ പ്രസ് സെക്രട്ടറി കടലാസിൽ നോക്കി വായിച്ച് കാര്യങ്ങൾ വിശദീകരിച്ചതും ഭർത്താവിനെ അബദ്ധത്തിൽ എന്റെ പ്രസിഡന്റ് എന്ന് വിളിച്ചതുമാണ് വിവാദത്തിനിടയാക്കിയത്. ഇതിനൊപ്പം കാറ്റി സക്കറിയയുടെ നിയമബിരുദത്തെക്കുറിച്ചും വിവാദങ്ങൾ ഉയർന്നിരുന്നു.
ഡൊണാൾഡ് ട്രംപ് ആദ്യം അമേരിക്കൻ പ്രസിഡന്റായ കാലത്താണ് സീൻ സ്പൈസർ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായത്. 2017 ജനുവരി 20 മുതൽ ജൂലായ് 21 വരെയാണ് അദ്ദേഹം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചത്.


