ഖത്തറില്‍ നിന്ന് ലഭിച്ച വിമാനം പൂര്‍ണ്ണമായി അഴിച്ചുപണിത് അമേരിക്കന്‍ ചാരസംഘടനകളുടെയും സുരക്ഷാ ഏജന്‍സികളുടെയും മേല്‍നോട്ടത്തില്‍ അതീവ സുരക്ഷാ-ആശയവിനിമയ സംവിധാനങ്ങള്‍ ഇതില്‍ സജ്ജീകരിച്ചു കഴിഞ്ഞു.

വാഷിംഗ്ടണ്‍: 35 വര്‍ഷത്തിലേറെയായി അമേരിക്കന്‍ പ്രസിഡന്റുമാരുടെ ആഗോള യാത്രകള്‍ക്ക് ചിറകേകിയ എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ ഒഴിവാക്കുന്നു. നിലവിലുള്ള വിമാനങ്ങള്‍ക്ക് പകരമായി അത്യാധുനിക സൌകര്യങ്ങളുള്ള പുതിയ മൂന്ന് വിമാനങ്ങളാണ് വരുന്നത്. പഴയ വിമാനങ്ങളോട് വിടപറഞ്ഞ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പുകളിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ വാഷിംഗ്ടണിന് സമീപം ലാന്‍ഡ് ചെയ്ത ബോയിംഗ് 747-200 (VC-25A) വിമാനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചാണ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'നല്ലവനും വിശ്വസ്തനുമായവനെ നിനക്ക് നന്ദി'-എന്നായിരുന്നു വിമാനത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവ് ചീങ് എക്‌സില്‍ കുറിച്ചത്. 'ഞാന്‍ ഭാഗ്യവാന്‍, 5 വര്‍ഷം ഈ വിമാനത്തില്‍ ലോകം ചുറ്റാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു' എന്നാണ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാന്‍ സ്‌കാവീനോ കുറിച്ചത്.

പുതിയ മൂന്ന് വിമാനങ്ങളാണ് വരുന്നത്. പഴയ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി തുടരുമെങ്കിലും പുതിയ ആഡംബര വിമാനം എത്തുന്നതോടെ ഇവയുടെ ഔദ്യോഗിക ദൗത്യം അവസാനിക്കും. പുതിയ വിമാനം എപ്പോള്‍ വാഷിംഗ്ടണില്‍ എത്തിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഈ വേനല്‍ക്കാലത്ത് തന്നെ പുതിയ വിമാനം ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് സൂചന.

നിലവിലെ വിമാനങ്ങള്‍ക്ക് പകരമായി ബോയിംഗ് 747-800 വിമാനങ്ങളാണ് ഇനി എയര്‍ഫോഴ്‌സ് വണ്‍ ആയി മാറുക. ഇതില്‍ ആദ്യത്തേത് ഖത്തര്‍ ഗവണ്‍മെന്റ് സമ്മാനമായി നല്‍കിയ ആഡംബര വിമാനമാണ്. ഖത്തറില്‍ നിന്ന് ലഭിച്ച വിമാനം പൂര്‍ണ്ണമായി അഴിച്ചുപണിത് അമേരിക്കന്‍ ചാരസംഘടനകളുടെയും സുരക്ഷാ ഏജന്‍സികളുടെയും മേല്‍നോട്ടത്തില്‍ അതീവ സുരക്ഷാ-ആശയവിനിമയ സംവിധാനങ്ങള്‍ ഇതില്‍ സജ്ജീകരിച്ചു കഴിഞ്ഞു. 400 മില്യണ്‍ ഡോളറില്‍ താഴെയാണ് ഇതിന്റെ നവീകരണച്ചെലവ്.

വിമാനത്തിന്റെ പെയിന്റിംഗിനെച്ചൊല്ലി നേരത്തെ വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ട്രംപ് ആദ്യ ഭരണകാലത്ത് നിര്‍ദ്ദേശിച്ച പെയിന്റിംഗ് ഡിസൈന്‍ ബൈഡന്‍ ഭരണകൂടം മാറ്റിയിരുന്നു. ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം ആവശ്യപ്പെട്ട കടും നിറങ്ങളിലുള്ള പുതിയ പെയിന്റിംഗ് ഡിസൈന്‍വിമാനത്തിന് നല്‍കി.

1990-ല്‍ ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷിന്റെ യാത്രയോടെയാണ് ഈ വിമാനം സര്‍വീസ് ആരംഭിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തിലെ നിര്‍ണ്ണായകമായ പല നിമിഷങ്ങള്‍ക്കും ഈ വിമാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2001 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ആക്രമണം ഉണ്ടാകുമ്പോള്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ഫ്‌ലോറിഡയിലെ ഒരു സ്‌കൂളിലായിരുന്നു. അവിടെ നിന്ന് അതീവ സുരക്ഷിതമായി അദ്ദേഹത്തെ മാറ്റിയത് ഇതിലായിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം വാഷിംഗ്ടണില്‍ എത്തിയതും ഇതേ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ്.

1995-ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യിഷാക് റാബിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കയുടെ മൂന്ന് മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജിമ്മി കാര്‍ട്ടര്‍, ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷ് എന്നിവര്‍ ഒന്നിച്ച് യാത്ര ചെയ്തതും ഈ വിമാനത്തിലായിരുന്നു.