വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡ് ദ്വീപിലുണ്ടായ അഗ്നിപർവ്വത വിസ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോ‌ർട്ട്. പ്രാദേശിക സമയം 2:11 നാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. വിനോദ സഞ്ചാരികളുൾപ്പെടെ നിരവധി പേരെ കാണാനില്ല. പ്രദേശത്ത് നിന്ന് 23 പേരെ രക്ഷിച്ചതായി ന്യൂസിലൻഡ് പൊലീസ് അറിയിച്ചു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ രക്ഷാപ്രവർത്തനം പൂ‌ർണ്ണതോതിൽ നടത്താനാകുന്നില്ലെന്നും പൊലീസ് പറയുന്നു. ന്യൂസിലൻഡ് പട്ടാളവും ഇപ്പോൾ സ്ഥലത്തെത്തിയിട്ടുണ്ട്.

വക്കാരി എന്ന് കൂടി അറിയിപ്പെടുന്ന വൈറ്റ് ഐലൻഡ് ന്യൂസിലാൻഡിലെ സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ദ്വീപ് വിനോദസഞ്ചാര മേഖലയാണ്. 

ന്യുസിലൻഡുകാരും വിദേശികളുമായി നിരവധി വിനോദസഞ്ചാരികൾ ദ്വീപിലുണ്ടായിരുന്നതായി പ്രധാനമന്ത്രി ജസിൻഡ ആൻഡേഴ്സൺ പറഞ്ഞു. അഗ്നിപർവ്വത വിസ്ഫോടനം നടക്കുമ്പോൾ എത്രപേർ ദ്വീപിലുണ്ടായിരുന്നു എന്നതിൽ വ്യക്തത വന്നിട്ടില്ല.  പൊലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ചാരം വീണുകൊണ്ടിരിക്കുന്നത് രക്ഷാപ്രവർത്തനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അറിയിച്ചു.