വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ പ്രശസ്തമായ വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധി വിനോദ സഞ്ചാരികളെ കാണാതായി. ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേരെ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. ന്യൂസിലാന്‍ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വൈറ്റ് ഐലന്‍ഡ് അഗ്നി പര്‍വതം. ദ്വീപില്‍ നിരവധി യാത്രക്കാരുള്ള സമയത്താണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്.

ന്യൂസിലാന്‍ഡിലെ സജീവ അഗ്നിപര്‍വതങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട അഗ്നിപര്‍വതത്തിന്‍റെ മുക്കാല്‍ ശതമാനവും കടലിനടിയിലാണ്. ന്യൂസിലാന്‍ഡ് പ്രാദേശിക സമയം ഉച്ചക്ക് 2.11നായിരുന്നു സംഭവം. അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് നിരവധി സഞ്ചാരികള്‍ അഗ്നിപര്‍വതത്തിനടുത്തുണ്ടായിരുന്നതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഹെലികോപ്ടറുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രതിവര്‍ഷം 10000 സഞ്ചാരികളാണ് ദ്വീപില്‍ എത്തുന്നത്. 2016ലും അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു.