Asianet News MalayalamAsianet News Malayalam

മാസ്ക് വയ്ക്കുന്നതില്‍ കാര്യമുണ്ട്; തെളിവ് ലഭിച്ചതോടെ നയംമാറ്റി ലോകാരോഗ്യ സംഘടന

മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാന്‍ കഴിയുമെന്നതിന് തെളിവ് ലഭിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്ക് ധരിക്കണം. 

WHO changes COVID-19 mask guidance
Author
Geneva, First Published Jun 6, 2020, 7:08 AM IST

ജനീവ: ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് നയത്തില്‍ ലോകാരോഗ്യ സംഘടന മാറ്റം വരുത്തി. മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാന്‍ കഴിയുമെന്നതിന് തെളിവ് ലഭിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്ക് ധരിക്കണം. നേരത്തെ അസുഖബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്. പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും ഡബ്ലുഎച്ച്ഒ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍ ഇതിനകം മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ നിയമനടപടി സ്വീകരിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന നേരിട്ട് സാമ്പത്തിക സഹായമെത്തിച്ച ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അമേരിക്ക, കാനഡ, ലണ്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നായി 12 യൂണിവേഴ്‌സിറ്റികളില്‍ നിന്നും പ്രമുഖ ആശുപത്രികളില്‍ നിന്നുമുള്ള വിദഗ്ധരും ഗവേഷകരും ചേര്‍ന്നാണ് കൊറോണ വൈറസ് വെല്ലുവിളി തുടരുന്ന പശ്ചാത്തലത്തില്‍ മാസ്‌കിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനം നടത്തിയത്.

'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ വന്നത്. എല്ലാവരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നത് കൊണ്ട് കൊവിഡ് 19 വ്യാപനത്തെ വളരെ ഫലപ്രദമായി തടയാനാകുമെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. മാസ്‌ക് അത്രമാത്രം പ്രയോജപ്പെടുന്നില്ലെന്നും, രോഗം പടരുന്നത് തടയില്ലെന്നുമുള്ള പ്രചാരണങ്ങളെയെല്ലാം ഈ പഠനം അപ്പാടെ തള്ളിക്കളഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios