ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞ് ലോകമെമ്പാടും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഇറാന്റെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തങ്സിരിയായിരുന്നു

വ്യാഴാഴ്ച രാവിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ വധിച്ചത് ഹോര്‍മുസ് കടലിടുക്കിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഇറാന്‍ നാവികസേനാ മേധാവിയെ. ഇസ്രായേല്‍ ഏറ്റവും അവസാനമായി ലക്ഷ്യമിട്ട ഉന്നത ഇറാന്‍ സൈനിക ഉദ്യോഗസ്ഥനാണ് നാവികസേനാ കമാന്‍ഡര്‍ അലി റിസ തങ്സിരി. ഇദ്ദേഹത്തെ വധിച്ച വിവരം ഇസ്രായേലാണ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇറാന്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞ് ലോകമെമ്പാടും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഇറാന്റെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തങ്സിരിയായിരുന്നു. ഈ ഉപരോധം ലോകമെങ്ങും ഇന്ധനപ്രതിസന്ധിക്ക് കാരണമായിരുന്നു. അമേരിക്കന്‍ സൈനിക തന്ത്രങ്ങളെയും ഉപരോധം സാരമായി ബാധിച്ചു. ഹോര്‍മുസ് തുറക്കാനുള്ള പുതിയ നീക്കങ്ങള്‍ക്കിടയിലാണ് തങ്സിരി കൊല്ലപ്പെട്ടതായി വാര്‍ത്ത വരുന്നത്. മറ്റു രാജ്യങ്ങളെ കൂടി ഈ പ്രതിസന്ധിയില്‍ ഇടപെടുത്തുന്നതിന് അമേരിക്ക സമ്മര്‍ദ്ദം തുടരുന്നതിനിടയില്‍, ശത്രുക്കളുടേതല്ലാത്ത കപ്പലുകളെ ഈ ജലപാതയിലൂടെ കടന്നുപോകാന്‍ അനുവദിക്കുമെന്ന് ഈ ആഴ്ച ഇറാന്‍ വ്യക്തമാക്കിയിരുന്നു. തങ്സിരിയുടെ മരണം ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. 

തെക്കൻ ഇറാനിലെ ബുഷെഹർ പ്രവിശ്യയിൽ ജനിച്ച അലിറേസ തങ്‌സിരി, ഇറാൻ - ഇറാഖ് യുദ്ധത്തിലും 1980-കളിൽ ഇറാനുമായുള്ള അമേരിക്കയുടെ സംഘർഷത്തിലും സേവനമനുഷ്ഠിച്ചതിന് ശേഷം ഐആർജിസി നാവികസേനയിൽ ഉയർന്ന റാങ്കിലെത്തി. സേനയുടെ മേധാവിയായി ചുമതലയേൽക്കുന്നതിന് മുമ്പ് 2010 മുതൽ 2018 വരെ ഡെപ്യൂട്ടി കമാൻഡറായി സേവനമനുഷ്ഠിച്ചു.

നാവികസേനയുടെ ഡ്രോണുകളുടെയും ക്രൂയിസ് മിസൈലുകളുടെയും പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് തങ്സിരിയായിരുന്നെന്നാണ് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. 2019-ലും പിന്നീട് 2023-ലും അമേരിക്ക ഇദ്ദേഹത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. നാവികസേനയ്ക്കായി ഡ്രോണുകള്‍ നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന ഒരു കമ്പനിയുടെ ബോര്‍ഡ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായി യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഡ്രോണുകളുടെ ഉപയോഗമാണ് ഹോര്‍മുസ് കടലടുക്ക് അടച്ചിടാന്‍ ഇറാനെ സഹായിച്ചത്.

ഈയടുത്തായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു തങ്സിരി. ഇറാന്‍ തടഞ്ഞ കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം സോഷ്യല്‍ മീഡിയ ഉപയോഗിച്ചു. അമേരിക്കയുമായി ബന്ധമുള്ള എണ്ണ പ്ലാന്റുകളെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകളും അദ്ദേഹത്തിന്‍േറതായി എക്‌സില്‍ വന്നിരുന്നു. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ആക്രമിക്കുന്നതിന് എതിരെ അദ്ദേഹം ഈയടുത്ത് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

2018-ല്‍ ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയാണ് തങ്സിരിയെ നാവികസേനാ മേധാവിയായി തിരഞ്ഞെടുത്തത്. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യം മുന്‍നിര്‍ത്തി അമേരിക്കന്‍ നീക്കങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ചര്‍ച്ചയായതിനിടെയാണ് ഇസ്രായേല്‍ അദ്ദേഹത്തെ വകവരുത്തിയത്.