Asianet News MalayalamAsianet News Malayalam

താലിബാനോട് നേരിട്ട് മുട്ടാൻ തയ്യാറെന്ന് പ്രഖ്യാപിച്ച് ആദ്യ അഫ്ഗാൻ നേതാവ്, ആരാണയാൾ

 താലിബാന്റെ പിടിയിൽ അകപ്പെട്ട സാലെയുടെ സഹോദരിയെ അവർ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കി വധിച്ചിരുന്നു. 

who is amrullah saleh , new care taker president,ex CIA Operative, fighting taliban
Author
Afghanistan, First Published Aug 18, 2021, 5:46 PM IST

"ഞാനൊരിക്കലും, താലിബാൻ ഭീകരരുടെ മുന്നിൽ മുട്ടുകുത്തില്ല. എന്റെ ആദർശ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ ആദർശങ്ങളെ ഞാൻ ഒരിക്കലും വഞ്ചിക്കുകയില്ല. എന്നെ വിശ്വസിച്ചുകൊണ്ട് ഞാൻ പറഞ്ഞതിന് കാതോർത്ത ലക്ഷക്കണക്കിന് അഫ്ഗാനികളെ ഞാൻ വഞ്ചിക്കില്ല. താലിബാനുമായി ഒരു സഖ്യത്തിന് ഒരിക്കലും ഞാൻ തയ്യാറാവില്ല." ഓഗസ്റ്റ് 17 -ന് കാബൂളിലൂടെ താലിബാന്റെ തേരോട്ടം തുടരുമ്പോഴും ഗറില്ലാ അക്രമണങ്ങളുമായി അവരെ എതിർക്കാൻ ശ്രമിച്ച വൈസ് പ്രസിഡന്റ്  അമ്രുള്ള സാലേ   പറഞ്ഞ വാക്കുകളാണിത്. പ്രസിഡന്റ് അഷ്‌റഫ് ഗനി, രണ്ടു വണ്ടി നിറച്ച് പണവുമായി നാടുവിട്ടോടിയ സാഹചര്യത്തിലാണ് ചെറുത്തുനിൽപ്പ് തുടർന്നുകൊണ്ട് അമ്രുള്ളയുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. 

 

 

ട്വിറ്റർ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ ഇനി താനാണ് അഫ്ഗാനിസ്ഥാന്റെ കെയർ ടേക്കർ പ്രസിഡന്റ് എന്നാണ് സാലെ അവകാശപ്പെട്ടത്. പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റിനാണ് രാജ്യത്തിൻറെ ഉത്തരവാദിത്തമെന്നാണ് ഭരണഘടന ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. പഞ്ച്ഷിറിൽ അഹമ്മദ് മസൂദിനൊപ്പം, നോർത്തേൺ അലയൻസിന്റെ കൊടി പാറിച്ചു കൊണ്ട് നിൽക്കുന്ന സാലിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ആരാണ് അമ്രുള്ള സാലെ?

1972 ൽ പഞ്ച്ഷിറിലെ ഒരു താജികി കുടുംബത്തിലാണ്  അമ്രുള്ള ജനിക്കുന്നത്. 2001 -ൽ അമേരിക്കൻ അധിനിവേശമുണ്ടായ ശേഷമുള്ള കാലയളവിൽ, അന്നും താലിബാൻ വിരുദ്ധ പക്ഷത്തു തന്നെ നിന്നിരുന്ന  ഒരു സിഐഎ ചാരനായും അമ്രുള്ള വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. പുതുതായി രൂപീകരിക്കപ്പെട്ട നാഷണൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്ന അഫ്ഗാനിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയുടെ തലപ്പത്ത് വരുന്നതും അമ്രുള്ള തന്നെയാണ്. താലിബാനെ പാകിസ്ഥാൻ രഹസ്യമായി പിന്തുണച്ചുകൊണ്ടേയിരിക്കുകയായിരുന്നു എന്ന ഇന്റലിജൻസ് സ്ഥിരീകരണം അമേരിക്കയ്ക്ക് കിട്ടുന്നത് സാലെ നടത്തിയ അന്വേഷണങ്ങളുടെ ബലത്തിലാണ്. 2018 -ൽ അദ്ദേഹം അഫ്ഗാനിസ്ഥാന്റെ ഇന്റീരിയർ മിനിസ്റ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട 2019 -ൽ ഗനി രണ്ടാമതും പ്രസിഡന്റായപ്പോൾ അദ്ദേഹം സാലെയെ വൈസ് പ്രസിഡന്റ് ആയി നിയമിക്കുകയായിരുന്നു. 

നേരെ താലിബാന്റെ ഭാഗത്തു നിന്ന് നിരവധി തവണ സാലേക്കു വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. 2020 സെപ്റ്റംബർ 9 ന് നടന്ന, പത്തുപേർ കൊല്ലപ്പെട്ട ബോംബാക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. അതിനു മുമ്പ് 2019 ജൂലൈ 28 നു സാലെയുടെ ഓഫീസ് ലക്ഷ്യമാക്കി നടന്ന മറ്റൊരു ചാവേർ ബോംബാക്രമണത്തിൽ ഇരുപതു സഹപ്രവർത്തകർ കൊല്ലപ്പെട്ടു എങ്കിലും, സാലെ അന്നും രക്ഷപ്പെടുകയാണുണ്ടായത്. 

1996 -ൽ താലിബാനോട് പോരാടിയ അഹമ്മദ് ഷാ മസൂദിന്റെ നോർത്തേൺ അലയൻസിന്റെ ഗറില്ലാ സംഘത്തിന്റെ ഭാഗമായിരുന്നു സാലെ. ആ പോരാട്ടത്തിനിടെ താലിബാന്റെ പിടിയിൽ അകപ്പെട്ട സാലെയുടെ സഹോദരിയെ അവർ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കി വധിച്ചിരുന്നു. അതിനുള്ള പ്രതികാരമായി തിരിച്ചും സാലെയുടെ ഭാഗത്തുനിന്ന് താലിബാന് നേരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടാവുകയും നിരവധി താലിബാനികൾ വധിക്കപ്പെടുകയും ഒക്കെ ഉണ്ടായിട്ടുണ്ട്.

"ഞാൻ അവരിൽ പലരെയും തികഞ്ഞ അഭിമാനത്തോടെ തന്നെ കൊന്നു തള്ളിയിട്ടുണ്ട്. അതുകൊണ്ട് എന്നെ വധിക്കാൻ ശ്രമിക്കാൻ അവർക്കും അവകാശമുണ്ട്. അവർ അതിൽ വിജയിച്ചാലും ആരും പരാതിപ്പെടരുത്." എന്നാണ് ഒരു അഭിമുഖത്തിൽ സാലെ ഒരിക്കൽ പറഞ്ഞത്. 
 

Follow Us:
Download App:
  • android
  • ios