ദില്ലി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിന്‍റെ പരമോന്നതിയിലെത്തി നില്‍ക്കുമ്പോള്‍ പൊടുന്നനെയാണ് ഗോഡ്സയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുഖ്യധാരയില്‍ സജീവമായത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയാണ് രാജ്യം കണ്ട ആദ്യ തീവ്രവാദിയെന്ന മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍റെ പരാമര്‍ശത്തിലൂടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. കമലിനെ തള്ളി രംഗത്തെത്തിയ ബിജെപി നേതാവ് പ്രഗ്യ സിംഗാകട്ടെ ഗോഡ്സയെ വാഴ്ത്തി പാടുകയായിരുന്നു.

അതിനിടയിലാണ് ആരാണ്, ആരായിരുന്നു ഗോഡ്സെ എന്ന ചോദ്യം ഉയര്‍ത്തി വിദേശ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്. ഇന്ത്യയിലെ രോഷാകുലരായ യുവാക്കള്‍ ഗോഡ്സെയ്ക്ക് വേണ്ടി ട്വിറ്ററില്‍ വാദിക്കുന്നത് കണ്ടതുകൊണ്ടാണ് ചോദിക്കുന്നതെന്ന മുഖവുരയോടെയാണ് ഭൂട്ടാനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടെന്‍സിംഗ് ലാംസാംഗിന്‍റെ ചോദ്യം. പ്രസിദ്ധനായ ഏതെങ്കിലും സ്വാതന്ത്ര്യ സമര സേനാനിയാണോ ഗോഡ്സെ എന്ന് സംശയം തോന്നുന്നതാണ് ട്വീറ്ററിലെ പലരുടെയും പ്രതികരണം എന്ന പരിഹാസമാണ് ടെന്‍സിംഗ് മുന്നോട്ട് വയ്ക്കുന്നത്. ഗോഡ്സെയെന്ന സ്വതന്ത്യ്ര സമര സേനാനിയെ അറിയാത്തതിന് തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ലംസാംഗിന്‍റെ ട്വീറ്റിന് മറുപടിയുമായി വിദേശ കാര്യ മുന്‍ സെക്രട്ടറി നിരുപമ റാവു രംഗത്തെത്തി. ഗോഡ്സെയെ വാഴ്ത്തുന്നവരില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വേണ്ടതെന്ന് കുറിച്ച നിരുപമ സന്തോഷകരമായ ഒരു രാജ്യത്ത് ജീവിക്കുന്ന താങ്കള്‍ ഇത്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടതില്ലെന്നും ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഗോഡ്സെ രാജ്യ സ്നേഹിയായിരുന്നെന്ന് പറഞ്ഞുതുടങ്ങിയ പ്രഗ്യ സിംഗിന്‍റെ പ്രസ്താവന നിരവധി ബിജെപി നേതാക്കളും ഏറ്റെടുത്തിരുന്നു. പ്രഗ്യയെ ന്യായീകരിച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡെ ഇപ്പോള്‍ പറയുന്നത് തന്‍റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ്.  ബിജെപി നേതൃത്വം ഗോഡ്സയെ പരസ്യമായി തള്ളി പറയുകയും വാഴ്ത്തല്‍ നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.