കൊവിഡ് 19 വൈറസ് ബാധയുടെ പ്രഭവകേന്ദ്രം എന്ന് വിലയിരുത്തപ്പെടുന്ന വുഹാനില്‍ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് ചൈന കൊണ്ടു വന്നത് ലോകം കണ്ടുപഠിക്കണം. വുഹാനില്‍ ഒരു രോഗി പോലും ഇല്ലെന്നുള്ളത് കേള്‍ക്കാന്‍ ഏറ്റവും സന്തോഷമുള്ള കാര്യമാണ്. 

ജനീവ: ലോകത്താകമാനം പടര്‍ന്നു കഴിഞ്ഞ കൊവിഡ് 19 വൈറസ് ബാധയുടെ ഉത്ഭവം സംബന്ധിച്ച് ചൈന സംശയനിഴലില്‍ നില്‍ക്കുമ്പോള്‍ വീണ്ടും ഏഷ്യന്‍ ശക്തികളെ പുകഴ്ത്തി ലോകാരോഗ്യ സംഘടന. മറ്റ് രാജ്യങ്ങള്‍ ചൈനയെ കണ്ട് പഠിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് വിഭാഗം ടെക്നിക്കല്‍ ഹെഡ് മരിയ വാന്‍ ഖര്‍ക്കോവെ പറഞ്ഞു. കൊവിഡ് 19 വൈറസ് ബാധയുടെ പ്രഭവകേന്ദ്രം എന്ന് വിലയിരുത്തപ്പെടുന്ന വുഹാനില്‍ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് ചൈന കൊണ്ടു വന്നത് ലോകം കണ്ടുപഠിക്കണം.

വുഹാനില്‍ ഒരു രോഗി പോലും ഇല്ലെന്നുള്ളത് കേള്‍ക്കാന്‍ ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ഈ നേട്ടത്തിന് അവരെ അഭിനന്ദിക്കുന്നുവന്നും മരിയ പറഞ്ഞു. അതേസമയം, കൊറോണ വൈറസിന്റേത് സ്വാഭാവിക ഉത്ഭവമാണെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മൈക്കൽ റയാൻ ആവർത്തിച്ചു. ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് മൈക്കൽ റയാൻ ഇക്കാര്യം വ്യക്തമാക്കിയത്.

വുഹാന്‍ വൈറോളജി ലാബില്‍ നിന്നുതന്നെയാണോ വൈറസ് ഉത്ഭവിച്ചത് എന്നതിത് തെളിവുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ട്രംപിന്‍റെ മറുപടി. വളരെ രഹസ്യാത്മകമായ വിവരമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ പറയാനാകില്ലന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ കൊവിഡ് വൈറസിനെക്കുറിച്ചും അതിന്റെ ജീൻ സ്വീക്വൻസുകളെക്കുറിച്ചും പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടന ആവർത്തിച്ച് പരിശോധിച്ചിട്ടുണ്ട്. വൈറസിന്റേത് സ്വാഭാവിക ഉത്ഭവമാണെന്ന് ഉറപ്പുള്ള കാര്യമാണെന്നും റയാൻ വ്യക്തമാക്കി.