Asianet News MalayalamAsianet News Malayalam

രണ്ടാഴ്ചയ്ക്കുള്ളിൽ കൊവിഡ് മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ ഫലം ലഭിക്കും; ശുഭപ്രതീക്ഷ പങ്കുവച്ച് ലോകാരോ​ഗ്യ സംഘടന

ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍. 
 

who says  will get  covid vaccine clinical trial result within two weeks
Author
Geneva, First Published Jul 4, 2020, 2:45 PM IST

ജനീവ: രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ട്രയൽ ഫലം അറിയാൻ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി ലോകാരോ​ഗ്യ സംഘടന. ഡയറക്ടർ ജനറൽ ടെഡ‍്രോസ് അഥനോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 398 രാജ്യങ്ങളിൽ നിന്നായി 5500 രോ​ഗികളിൽ സോളിഡാരിറ്റി ട്രയൽ നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍. 

സോളിഡാരിറ്റി ട്രയലിന്റെ ഭാ​ഗമായി അഞ്ച് ചികിത്സാ രീതികളെയാണ് നിരീക്ഷണ വിധേയമാക്കുന്നത്. സ്റ്റാൻഡേർഡ് കെയർ, റെംഡിസിവർ, ട്രംപ് നിർദ്ദേശിച്ച മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച് ഐ വി ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന ലോപിനാവിർ, റിറ്റോണാവിർ, ശരീരത്തിലെ പ്രോട്ടീനുകളുമായി സംയോജിച്ചുള്ള ലോപിനാവിർ, റിറ്റോണാവിർ എന്നിവയുടെ പ്രവർത്തനം എന്നീ ചികിത്സാ രീതികളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 

മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ പരിശോധന മാസങ്ങൾക്ക് മുമ്പ് നിർത്തിവച്ചിരുന്നു. ഈ മരുന്ന് ഉപയോ​ഗിക്കുന്നതിലൂടെ പ്രത്യേകിച്ച് ​ഗുണമൊന്നുമില്ലെന്നും മാത്രമല്ല ചില പ്രത്യാഘാതങ്ങൾക്ക് സാധ്യത‌യുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നിർത്തി വച്ചത്. കൊവിഡ് രോ​ഗികൾക്ക് ഈ മരുന്ന് നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. 

എന്നാൽ കൊവിഡിനെതിരെ എപ്പോൾ വാക്സിൻ കണ്ടെത്തും എന്ന കാര്യത്തിൽ പ്രവചനം നടത്തുന്നത് ബുദ്ധിശൂന്യമായ പ്രവർത്തിയാണെന്നായിരുന്നു ലോകാരോ​ഗ്യ സംഘടന എമർജൻസി പ്രോ​ഗ്രാം മേധാവി മൈക്ക് റയാന്റെ അഭിപ്രായം. അഥവാ ഈ വർഷാവസാനത്തോടെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയാൽ തന്നെ അവ എങ്ങനെ വൻതോതിൽ ഉത്പാ​ദിപ്പിക്കുമെന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്.

Follow Us:
Download App:
  • android
  • ios