അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ്. മുൻ പ്രസിഡന്റുമാരുടെ സർക്കാർ വീടുകൾ തിരിച്ചെടുക്കും.  

കൊളംബോ : അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അക്കാര്യം പറയുമ്പോൾ എതിർക്കുന്നത് ക്രിമിനലുകളാണെന്നും അനുര കുമാര ദിസനായകെ ചൂണ്ടിക്കാട്ടി. അഴിമതി ചെയ്തതിൽ കുറ്റബോധമുള്ളവരാണ് പേടിച്ചിരിക്കുന്നത്. മുൻ പ്രസിഡന്റുമാരുടെ സർക്കാർ വീടുകൾ അടുത്ത മാസം മുതൽ തിരിച്ചെടുക്കും. കൊവിഡ് കാലത്ത് ഔദ്യോഗിക വസതി നവീകരിക്കാൻ മഹിന്ദ രജപക്ഷെ 400 ദശലക്ഷം ശ്രീലങ്കൻ രൂപ മുടക്കിയെന്നും ദിസനായകെ ആരോപിച്ചു.

അതേ സമയം സർക്കാർ പണം ദുരുപയോഗം ചെയ്ത കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ മുൻ പ്രസിഡന്ർറ് റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം. ആരോഗ്യ കാരണങ്ങളാൽ ജാമ്യം അനുവദിക്കുന്നതായി കൊളംബോ ഫോർട്ട് കോടതി അറിയിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്ന വിക്രമസിംഗെ ഓൺലൈൻ ആയാണ് കോടതിയിൽ ഹാജരായത്. ഭാര്യയുടെ ബിരുദദാന ചടങ്ങിന് വേണ്ടി മാത്രമാണ് വിക്രമസിംഗെ ഇംഗ്ലണ്ടിലേക്ക് പോയതെന്നും , യുകെ സർക്കാരിലെ ആരുമായും കൂടിക്കാഴ്ച നടത്തിയില്ലെന്നും വാദിച്ച സോളിസിറ്റർ ജനറൽ, ജാമ്യം നൽകുന്നതിനെ എതിർത്തു. എന്നാൽ വിക്രമസിംഗെയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച കോടതിയുടെ പുറത്ത് നൂറുകണക്കിന് പേരാണ് ഇടതുസർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയത്. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയും പ്രതിഷേധത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ചയാണ് വിക്രമസിംഗെ അറസ്റ്റിലായത്.