ദില്ലി/വാഷിംഗ്‍ടൺ: കശ്മീർ പ്രശ്നത്തിൽ ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാൽ മാത്രമേ ഇടപെടൂ എന്ന് അമേരിക്ക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇടപെടുമെന്ന ട്രംപിന്‍റെ പ്രസ്താവനയെ മയപ്പെടുത്തുകയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്. മധ്യസ്ഥതയടക്കം പ്രശ്നത്തിൽ വഹിക്കാൻ തയ്യാറാണെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവന. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് വ്യക്തമാക്കുന്നു.

''ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും പ്രസിഡന്‍റ് ട്രംപ് പറഞ്ഞത്. കശ്മീർ ഉഭയകക്ഷി വിഷയമാണെന്നിരിക്കേ, ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്. ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രമേ പ്രസിഡന്‍റ് ഇതിൽ മധ്യസ്ഥത വഹിക്കുകയോ സഹായം നൽകുകയോ ചെയ്യൂ. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചയ്ക്ക് സാഹചര്യമുണ്ടാകണമെന്നതാണ് അമേരിക്കയുടെ താത്പര്യം'', യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് വ്യക്തമാക്കി. 

അഞ്ച് പതിറ്റാണ്ടായി കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനുമല്ലാതെ മൂന്നാമതൊരാൾ പാടില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 ഉച്ചകോടിയിൽ പ്രസിഡന്‍റ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുമ്പോഴാണ് ഈ വിശദീകരണം ശ്രദ്ധേയമാകുന്നത്. ഉച്ചകോടിയിൽ മോദിയുമായി കശ്മീരിനെക്കുറിച്ച് ചർച്ച നടത്തുമെന്ന് നേരത്തേ ട്രംപ് വ്യക്തമാക്കിയിരുന്നു. 

കശ്‍മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് ആദ്യം പ്രഖ്യാപിക്കുന്നത് പാകിസ്ഥാൻ പ്രസിഡന്‍റ് ഇമ്രാൻ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ക്ക് ശേഷമാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായം അഭ്യര്‍ത്ഥിച്ചതായും തനിക്ക് മധ്യസ്ഥനാവുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ട്രംപ് അന്ന് വെളിപ്പെടുത്തി. എന്നാൽ ഇന്ത്യ ഇത് ശക്തമായി നിഷേധിച്ചു. 

പ്രധാനമന്ത്രി അത്തരത്തിൽ ഒരു ആവശ്യവും അമേരിക്കൻ പ്രസിഡന്‍റിന് മുന്നിൽ വച്ചിട്ടില്ലെന്നും ഇത്തരം പ്രസ്താവനകളെ നിരുപാധികം തള്ളുന്നുവെന്നും വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പറഞ്ഞു. 

ഷിംല കരാറിന്‍റെയും ലാഹോർ ഉടമ്പടിയുടെയും പശ്ചാത്തലത്തിൽ മാത്രമേ ചർച്ചയുള്ളൂ എന്ന നിലപാട് ആവർത്തിക്കുന്നു. മധ്യസ്ഥ ചർച്ചയ്ക്ക് ഒരു സഹായവും, അമേരിക്കൻ പ്രസിഡന്‍റിനോട് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഉഭയകക്ഷിപ്രകാരം മാത്രമേ പാടൂ. അതിൽ മൂന്നാമതൊരാൾക്ക് സ്ഥാനമില്ല'', ജയ്‍ശങ്കർ വ്യക്തമാക്കി. 

നിയന്ത്രണ രേഖയും വെടി നിർത്തൽ രേഖയും അടക്കം നിശ്ചയിക്കുന്ന വിപുലമായ ഒരു സമാധാനക്കരാറാണ് 1972 ലെ ഷിംല കരാർ. ഇതടക്കമുള്ള സമാധാന കരാർ രേഖകളനുസരിച്ച്, അതിർത്തിയിലെ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ ഇനി പാകിസ്ഥാനുമായി ചർച്ചയുള്ളൂ എന്നായിരുന്നു പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.

പ്രസ്താവന വിവാദമായതോടെ യുഎസ് സ്റ്റേറ്റ് അസിസ്റ്റന്‍റ് സെക്രട്ടറി കശ്മീർ ഇന്ത്യക്കും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നം തന്നെയാണെന്നും, ഇരുരാജ്യങ്ങളും ചർച്ച നടത്തണമെന്നും വിശദീകരണക്കുറിപ്പിറക്കി. 

എന്നാൽ പിന്നെയും ട്രംപ് 'മധ്യസ്ഥത' വാഗ്ദാനം ആവർത്തിച്ചു. കശ്മീര്‍ വിഷയത്തെ സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഫോണില്‍ ബന്ധപ്പെട്ട ശേഷമായിരുന്നു ട്രംപിന്‍റെ പുതിയ വാഗ്ദാനം. ഈ സാഹചര്യത്തിലാണ് വീണ്ടും അമേരിക്കയുടെ വിശദീകരണം.