ധാക്ക: ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടിക ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുള്‍ മോമെന്‍. ഇന്ത്യ നല്‍കുന്ന പട്ടികയില്‍ ഉള്ളവരെ തിരികെ സ്വീകരിക്കുമെന്നും അബ്ദുള്‍ മോമെന്‍ ഞായറാഴ്ച പറഞ്ഞു. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനം. സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നില്‍ പൗരത്വ ഭേദഗതി നിയമം അല്ലെന്നും മറ്റ് തിരക്കുകളാണെന്നും വ്യക്തമാക്കിയ അബ്ദുള്‍ മോമെന്‍  ഇന്ത്യയുമായുള്ള ബംഗ്ലാദേശ്  ബന്ധം സാധാരണ നിലയിലാണെന്നും കൂട്ടിച്ചേര്‍ത്തുവെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് ചില ഇന്ത്യക്കാര്‍ ബംഗ്ലാദേശിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം ധാക്കയില്‍ പറഞ്ഞു. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് തിരികെ സ്വന്തം രാജ്യത്തേക്ക് എത്തുന്നതില്‍ ഒരുവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്നും അബ്ദുള്‍ മോമെന്‍ വിശദമാക്കി. 

നേരത്തെ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നുവെന്ന പ്രചാരണത്തിനെതിരെ ബംഗ്ലാദേശ് കേന്ദ്ര ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടായെന്ന പ്രചാരണം 'വലിയ നുണ'യാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയമാധ്യമമായ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അസദുസ്സമന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്വാതന്ത്ര്യ സമര സമയത്ത് കുറച്ച് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറി എന്നത് വസ്തുതയാണ്. എന്നാല്‍, നിയമവിരുദ്ധമായി മുസ്ലീങ്ങളാരും ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ല.

ബംഗ്ലാദേശി മുസ്ലീങ്ങള്‍ ഇന്ത്യയിലേക്ക് കുടിയേറിയെന്ന പ്രചാരണം ഇരു രാജ്യവും തമ്മിലുള്ള ബന്ധം തകര്‍ക്കാനുള്ള ഗൂഢാലോനയാണെന്ന് സംശയമുണ്ട്. ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളോട് എനിക്ക് അപേക്ഷിക്കാനുള്ളത്. ഞങ്ങളുടെ പൗരന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറാന്‍ മാത്രം ദരിദ്ര രാജ്യമല്ല ബംഗ്ലാദേശ്. ഞങ്ങളുടെ സാമ്പത്തിക വളര്‍ച്ച 8.15 ശതമാനമാണ്. പ്രതിശീര്‍ഷ വരുമാനം 2000 ഡോളറും. 1991ല്‍ 44.2 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2016-17ല്‍ വെറും 13.8 ശതമാനമായി.

യൂറോപ്, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലുള്ളവര്‍ ബംഗ്ലാദേശില്‍ ജോലി ചെയ്യുന്നു. പിന്നെ എന്തിനാണ് ജീവിതം മെച്ചപ്പെടുത്താന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറുന്നത്. ഇന്ത്യയുടെ ടൂറിസം, ആരോഗ്യം മേഖലകളില്‍ ഞങ്ങളുടെ പൗരന്മാര്‍ ചെലവാക്കുന്ന പണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ആരോഗ്യകരമായ സാമ്പത്തിക വളര്‍ച്ചയാണ് ബംഗ്ലാദേശില്‍ ഉള്ളത്. ഞങ്ങളുടെ പൗരന്മാര്‍ നിങ്ങള്‍ക്ക് ബിസിനസ് നല്‍കുന്നു. പക്ഷേ ആരോപിക്കപ്പെടുന്നത് അനധികൃത കുടിയേറ്റക്കാരാണ്. 1971ന് മുമ്പ് നിരവധി ഇന്ത്യക്കാര്‍ ബംഗ്ലാദേശിലുമെത്തിയിട്ടുണ്ടെന്നും അസദുസ്സമന്‍ പറഞ്ഞിരുന്നു.