വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രവാസി വനിത ഒരു ഇൻസ്റ്റാഗ്രാം കമന്‍റിന്‍റെ പേരിൽ യുഎഇ വിമാനത്താവളത്തിൽ അറസ്റ്റിൽ. മറ്റൊരു സ്ത്രീയുടെ ഹാൻഡ്‌ബാഗിനെ 'വ്യാജം' എന്ന് പരിഹസിച്ചതാണ് നിയമനടപടിക്ക് കാരണമായത്. യുഎഇയിലെ കടുത്ത സൈബർ നിയമപ്രകാരം വലിയ ശിക്ഷ നേരിടേണ്ടി വരുമായിരുന്നെങ്കിലും, കേസ് പിന്നീട് ഒത്തുതീർപ്പിലെത്തി.

അജ്മാൻ: കുടുംബത്തോടൊപ്പം വിദേശത്തുനിന്ന് യുഎഇയിൽ തിരിച്ചെത്തിയ പ്രവാസി വനിതയെ കുടുക്കി ഇന്‍സ്റ്റാഗ്രാം കമന്‍റ്. കമന്‍റ് ഉണ്ടാക്കിയ പൊല്ലാപ്പിൽ വിമാനത്താവളത്തിൽ വെച്ച് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു സ്ത്രീയുടെ ഹാൻഡ്‌ബാഗിനെക്കുറിച്ച് നടത്തിയ പരാമർശമാണ് നിയമനടപടിയിലേക്ക് നയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അജ്മാൻ പൊലീസിലെ സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് ഡെവലപ്‌മെന്‍റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദിയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഒരു സ്ത്രീ തന്റെ ആഡംബര ഹാൻഡ്‌ബാഗുമായി നിൽക്കുന്ന ചിത്രത്തിന് താഴെ, ഈ ബാഗ് "വ്യാജമാണ്" എന്ന് ഈ യുവതി കമന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളും ബാഗിന്റെ ഉടമയെ പരിഹസിച്ച് രംഗത്തെത്തി. തന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഓൺലൈൻ ബുള്ളിയിംഗിന് പ്രേരിപ്പിച്ചെന്നും ആരോപിച്ച് ബാഗിന്റെ ഉടമ അജ്മാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഭർത്താവിനും കുട്ടികൾക്കുമൊപ്പം യുഎഇയിൽ എത്തിയ യുവതിയെ ഇമിഗ്രേഷൻ നടപടികൾക്കിടെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. അജ്മാനിൽ ഇവർക്കെതിരെ കേസ് നിലവിലുണ്ടെന്ന് അറിയിച്ചതോടെ കുടുംബം ഞെട്ടിപ്പോയി. തുടർന്ന് കുട്ടികളെയും ഭർത്താവിനെയും പോകാൻ അനുവദിച്ച ശേഷം യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു രാത്രി ലോക്കപ്പിൽ കഴിഞ്ഞ ശേഷമാണ് ഇവരെ അജ്മാനിലേക്ക് മാറ്റിയത്.

യുഎഇയിലെ സൈബർ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് നിലവിലുള്ളത്. 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ (ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ) ആണ് പിഴ. പിഴയ്ക്ക് പുറമെ ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ, ഈ കേസിൽ അധികൃതരുടെ ഇടപെടലിനെത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതിനാൽ യുവതിക്ക് വലിയ നിയമക്കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാനായി.

'റിമോട്ട് ബെയിൽ' സംവിധാനം

ഇത്തരം കേസുകളിൽ ഉദ്യോഗസ്ഥർ തമ്മിലുള്ള കാലതാമസം ഒഴിവാക്കാൻ അജ്മാൻ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കേസുകളിൽ 'യുഎഇ പാസ്' ഉപയോഗിച്ച് സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ജാമ്യം എടുക്കാൻ സാധിക്കും. ഇത് വഴി പ്രതികളെ ലോക്കപ്പിൽ പാർപ്പിക്കുന്നത് ഒഴിവാക്കാനാകും. "സോഷ്യൽ മീഡിയയിലെ ഒരു കമന്റ് നിസ്സാരമാണെന്ന് പലരും കരുതാറുണ്ട്. എന്നാൽ മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള പരിഹാസമോ അഭിപ്രായങ്ങളോ വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിക്കും," എന്ന് ലെഫ്റ്റനന്റ് കേണൽ അൽ സുവൈദി ഓർമ്മിപ്പിച്ചു.