ഡാരാ ഫയേ എന്ന യുവതിയാണ് റിപബ്ലിക്കൻ പാർട്ടി നേതാവും കാലിഫോർണിയയിലെ ജനപ്രതിനിധിയുമായ മൈക്ക് ഗാർഷ്യയെ ഫോണിൽ വിളിച്ചത്. സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് വിളിച്ചതെന്നാണ് 'ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്തത്
വാഷിംഗ്ടൺ: തന്റെ ആർത്തവപ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ജനപ്രതിനിധിയെ ഫോണിൽ വിളിച്ച് യുവതി. അമേരിക്കയിലാണ് സംഭവം. യുവതി ഫോൺ വിളിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഡാരാ ഫയേ എന്ന യുവതിയാണ് റിപബ്ലിക്കൻ പാർട്ടി നേതാവും കാലിഫോർണിയയിലെ ജനപ്രതിനിധിയുമായ മൈക്ക് ഗാർഷ്യയെ ഫോണിൽ വിളിച്ചത്. സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് വിളിച്ചതെന്നാണ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തത്. നിർഭാഗ്യവശാൽ ഡാരേക്ക് അദ്ദേഹത്തോട് നേരിട്ട് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞില്ല. വോയിസ് മെയിലായാണ് തനിക്ക് പറയാനുള്ളത് അവർ പറഞ്ഞത്. താൻ ഫോൺ വിളിക്കുന്നതിന്റെ വീഡിയോ ഡാരെ ടിക്ടോകിൽ അപ്ലോഡ് ചെയ്തു. അവിടെ നിന്ന് അത് മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലേക്കെത്തുകയും വൈറലാവുകയുമായിരുന്നു.
"എന്റെ പേര് ഡാരെ. എന്റെ ആർത്തവചക്രത്തിൽ ക്രമക്കേടുകളുണ്ടെന്ന് റിപ്പോർട്ട് ചെയ്യാനാണ് ഞാൻ വിളിക്കുന്നത്. ഓവുലേഷൻ സമയത്ത് എനിക്ക് അതികഠിനമായ വേദനയുമുണ്ട്. ലൈഫ് അറ്റ് കൺസപ്ഷൻ ആക്ടി*നെ പിന്തുണയ്ക്കുന്നതിനാൽ മിസ്റ്റർ ഗാർഷ്യക്ക് ഇക്കാര്യം അറിയുന്നതിൽ താല്പര്യമുണ്ടാവുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അംഗീകൃത ഗൈനക്കോളജിസ്റ്റാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, ഈ നിയമത്തെ അദ്ദേഹം പിന്തുണയ്ക്കുന്നതിനാൽ അക്കാര്യത്തിൽ അറിവുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഡാരെ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ ഗാർഷ്യ തിരികെവിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞാണ് ഡാരെ സംഭാഷണം അവസാനിപ്പിച്ചത്. എന്റെ ആരോഗ്യതീരുമാനങ്ങളിൽ പ്രാദേശിക രാഷ്ട്രീയക്കാരെയും ഇടപെടുത്തുന്നു എന്ന തലക്കെട്ടോടെയാണ് ഡാരെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
മൂന്നു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. എല്ലാവരും ഇങ്ങനെ ചെയ്യണമെന്നും നല്ല ആശയമാണെന്നും പലരും കമന്റ് ചെയ്തു. റിപബ്ലിക്കൻ നേതാക്കന്മാരെ എല്ലാവരെയും സ്ത്രീകൾ ഇങ്ങനെ വിളിക്കണം. അവർ സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ വിദഗ്ധരാണെന്നാണല്ലോ പറയുന്നത്. മറ്റൊരാൾ കമന്റ് ചെയ്തു. ഇടക്കാല തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയനീക്കമെന്നതും ശ്രദ്ധേയമാണ്.
*ലൈഫ് അറ്റ് കൺസെപ്ഷൻ ആക്ട്- 2021 ഫെബ്രുവരിയിൽ സെനറ്റർ റാൻഡ് പോൾ അവതരിപ്പിച്ച ലൈഫ് അറ്റ് കൺസെപ്ഷൻ നിയമം, ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം ഗർഭധാരണ സമയത്ത് ആരംഭിക്കുമെന്നാണ് പ്രഖ്യാപിക്കുന്നത്.
Read Also: സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യത്തെ രാജി; മുതിര്‍ന്ന മന്ത്രി ഗാവിൻ വില്യംസൺ രാജിവച്ചു
