കുവൈത്തിൽ ലഹരിമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനായി നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 11 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള പ്രതികളിൽ നിന്ന് വിവിധതരം ലഹരിമരുന്നുകളും ആയുധങ്ങളും പണവും പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കേസുകളിൽ 11 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ലഹരിമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനായി നടത്തിയ വ്യാപക സുരക്ഷാ പരിശോധനകളെ തുടർന്നാണ് അറസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറസ്റ്റിലായവരിൽ രണ്ട് കുവൈത്ത് സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ, രണ്ട് ബംഗ്ലാദേശ് സ്വദേശികൾ, ഒരു ഇന്ത്യൻ, രണ്ട് നേപ്പാൾ സ്വദേശികൾ, മൂന്ന് ബെദൂൺ വിഭാഗത്തിൽപ്പെട്ടവർ എന്നിവരുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പ്രതികളിൽ നിന്ന് വിവിധ തരത്തിലുള്ള ലഹരിമരുന്നുകളും സൈക്കോട്രോപ്പിക് പദാർത്ഥങ്ങളും ആയുധങ്ങളും വെടിയുണ്ടകളും മദ്യവും പിടിച്ചെടുത്തു. ഏകദേശം 150 ഗ്രാം ലിക്വിഡ് മെത്ത്, 43 ഗ്രാം മെത്ത്, 202 ഗ്രാം ഹെറോയിൻ, 41 ഗ്രാം ഹാഷിഷ്, ഒരു ഗ്രാം കൊക്കെയ്ൻ, 70 മില്ലിലിറ്റർ സിന്തറ്റിക് കാനബിനോയിഡ് ദ്രാവകം എന്നിവയാണ് പിടിച്ചെടുത്തത്.

ഇതിന് പുറമെ 507 ക്യാപ്റ്റഗൺ ഗുളികകൾ, 80 ഗ്രാം ലിറിക്ക, 210 ലിറിക്ക ക്യാപ്സ്യൂളുകൾ, ഹാഷിഷ് നിറച്ച രണ്ട് സിഗരറ്റുകൾ എന്നിവയും കണ്ടെത്തി. മദ്യക്കുപ്പികളും ലഹരിമരുന്ന് വിതരണം ചെയ്യാൻ ഉപയോഗിച്ചതായി കരുതുന്ന ഡിജിറ്റൽ ഉപകരണങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു. പ്രതികളിൽ നിന്ന് ഒരു തോക്കും 39 വെടിയുണ്ടകളും ഒരു മാഗസിനും കൂടാതെ മയക്കുമരുന്ന് വ്യാപാരത്തിൽ നിന്നുള്ള വരുമാനമെന്ന് സംശയിക്കുന്ന 290 കുവൈറ്റി ദിനാറും പിടിച്ചെടുത്തതായി മന്ത്രാലയം അറിയിച്ചു. എല്ലാ പ്രതികൾക്കും എതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനും തുടർ നടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.