Asianet News MalayalamAsianet News Malayalam

Bangladesh | 72 മണിക്കൂറിന് ശേഷം പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് ബംഗ്ലാദേശ് വനിതാ ജഡ്ജി; നടപടി

ബലാത്സംഗം നടന്ന് 72 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്ത പീഡനക്കേസുകള്‍ ബലാത്സംഗമായി രജിസ്റ്റര്‍ ചെയ്യരുതെന്ന വനിതാ ജഡ്ജിയുടെ പൊലീസിനുള്ള നിര്‍ദ്ദേശം ഏറെ വിവാദമായതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. 

woman judge relieved of court duties after saying rape cases should not be registered after 72 hours in Bangladesh
Author
Dhaka, First Published Nov 16, 2021, 7:49 AM IST

വിവാദ പരാമര്‍ശത്തിന് പിന്നാലെ ബംഗ്ലാദേശ് (Bangladesh)വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് നീക്കി. മുതിര്‍ന്ന ജഡ്ജിമാരുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വനിതാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്. ബലാത്സംഗം (rape case)നടന്ന് 72 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്ത പീഡനക്കേസുകള്‍ ബലാത്സംഗമായി രജിസ്റ്റര്‍ ചെയ്യരുതെന്ന വനിതാ ജഡ്ജിയുടെ പൊലീസിനുള്ള നിര്‍ദ്ദേശം ഏറെ വിവാദമായതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ധാക്കയിലെ വനിതാ ശിശു സംരക്ഷണ ട്രൈബ്യൂണലിനെ വനിതാ ജഡ്ജിയായ ബീഗം മൊസമ്മദ് കമ്രുന്നാഹര്‍ നഹറിനെതിരെയാണ് (Judge Begum Mosammat Kamrunnahar Nahar) സുപ്രീം കോടതിയുടെ നടപടി.

2017 ലെ ഒരു ബലാത്സംഗക്കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വനിതാ ജഡ്ജിയുടെ വിവാദ പരാമര്‍ശം. കൌമാരക്കാരായ അഞ്ച് പേര്‍ ചേര്‍ന്ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനികളായ രണ്ട് പേരെ ധാക്കയിലെ ബനാനിയില്‍ വച്ച് പീഡിപ്പിച്ച കേസ് പരിഗണിക്കുകയായിരുന്നു വനിതാ ജഡ്ജി. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റാരോപിതരെ വനിതാ ജഡ്ജി വെറുതെ വിട്ടിരുന്നു. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു വനിതാ ജഡ്ജിയുടെ വിധി. പൊലീസ് പൊതുജനത്തിന്‍റെ സമയം കളഞ്ഞുവെന്നും ഒരു പീഡനക്കേസും സംഭവം നടന്ന് 72 മണിക്കൂറിന് ശേഷം രജിസ്റ്റര്‍ ചെയ്യരുതെന്നും ജഡ്ജി നിര്‍ദ്ദേശിച്ചിരുന്നു. സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനികളുടെ ഉഭയസമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണ് പീഡനമെന്ന പേരില്‍ പരാതിയായി എത്തിയതെന്നും വനിതാ ജഡ്ജി നിരീക്ഷിച്ചിരുന്നു.

ഈ നിരീക്ഷണവും വിധിയും ബംഗ്ലാദേശില്‍ വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ തീരുമാനമെത്തുന്നത്. വനിതാ ജഡ്ജിയെ നീക്കിക്കൊണ്ടുള്ള കത്ത് സുപ്രീം കോടതി നിയമന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. നിയമപരിപാലന സംവിധാനത്തിനെ തെറ്റായ സന്ദേശമാണ് വനിതാ ജഡ്ജിയുടെ നിരീക്ഷണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതിനാലാണ് ജഡ്ജിക്കെതിരെ നടപടിയെടുക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ വനിതാ ജഡ്ജിയോട് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്. വിധിയേക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും വിധിക്കൊപ്പമുള്ള നിരീക്ഷണങ്ങള്‍ക്കെതിരേയാണ് സുപ്രീം കോടതി തീരുമാനമെന്നും അധികൃതര്‍ വിശദമാക്കി.72 മണിക്കൂറിന് ശേഷം പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന നിരീക്ഷണം നിയമത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2017 മാര്‍ച്ച് 28നായിരുന്നു കേസിനാസ്പദമായ ബലാത്സംഗം നടന്നത്. 2017 മെയ് ആറിനായിരുന്നു പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്. 

Follow Us:
Download App:
  • android
  • ios