ബെഹാമസ്:  ബെഹമാസില്‍  സ്രാവുകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കുടുംബത്തോടൊപ്പമുള്ള വിനോദ യാത്രക്കിടയാണ് അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ ജോര്‍ദാന്‍ ലിന്‍ഡ്സി എന്ന 21 കാരിയെ സ്രാവുകള്‍ ആക്രമിച്ചത്. റോസ് ദ്വീപിന് സമീപം കടലിലൂടെ സ്നോര്‍ക്കലിംഗ് നടത്തുന്നതിനിടെ ലിന്‍ഡ്സിയെ മൂന്ന് സ്രാവുകള്‍ ആക്രമിക്കുകയായിരുന്നു. 

സ്രാവുകള്‍ ലിന്‍ഡ്സിയുടെ കൈകളിലും കാലുകളിലും പൃഷ്ടഭാഗത്തും കടിച്ചു. ആക്രമണത്തില്‍ അവളുടെ വലത് കൈ അറ്റ് പോയിരുന്നു. സ്രാവുകളുണ്ടാകുമെന്ന് ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാതെയാണ് യുവതി കടലില്‍ നീന്താന്‍ ഇറങ്ങിയത്. തീരത്തെത്തിച്ച ലിന്‍ഡ്സിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിന്‍ഡ്സിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലെ ലയോള മേരിമൗണ്ട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് ലിന്‍ഡ്സി. 

ഒരു സ്രാവല്ല, ഒന്നിലധികം സ്രാവുകളാണ് ലിന്‍ഡ്സിയെ ആക്രമിച്ചത്. ഇത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളു. സ്രാവുകള്‍ക്ക് ഗന്ധം തിരിച്ചറിയാനാകുമെന്നും വെള്ളത്തില്‍ രക്തം കലര്‍ന്നതോടെയാകാം മറ്റ് സ്രാവുകളും എത്തിയതെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ഒറ്റക്ക് നീന്താനിറങ്ങരുതെന്ന് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ബെഹാമസ് ടൂറിസം വകുപ്പ് അറിയിച്ചു.

മൃതദേഹം കാലിഫോര്‍ണിയയിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ ക്രൗഡ് ഫണ്ടിംഗ് ഏജന്‍സിയെ സമീപിച്ചിരിക്കുകാണ് ലിന്‍ഡ്സിയുടെ കുടുംബം. 15,86,770 രൂപയാണ് ഇവര്‍ക്ക് സമാഹരിക്കാനായത്.