ഫ്ലോറിഡ: അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെതിരെ ലൈംഗികാരോപണം. അല്‍വ ജോണ്‍സണ്‍ എന്ന യുവതിയാണ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.  ട്രംപിനെതിരെ ഫ്ലോറിഡയിലെ ഫെഡറല്‍ കോടതിയില്‍ യുവതി പരാതി നല്‍കി.അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചരണപരിപാടി സംഘത്തിന്‍റെയൊപ്പം  ഉണ്ടായിരുന്ന തന്നെ 2016ല്‍ ഫ്ലോറിഡയിലെ താംപയില്‍ നടന്ന ഒരു റാലിക്കിടെ ട്രംപ് അനുവാദമില്ലാതെ ചുംബിച്ചെന്നാണ് യുവതിയുടെ പരാതി. സ്ത്രീകളോടുള്ള ട്രംപിന്‍റെ ഇരപിടിയന്‍ സ്വഭാവത്തിന്‍റെ ഒരു ഭാഗം മാത്രമാണ് തനിക്ക് നേരെ ഉണ്ടായതെന്നും പരാതിയിലുണ്ട്.

ആരോപണം തെറ്റാണെന്നും ഇതൊരിക്കലും സംഭവിച്ചിട്ടില്ലെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സിന്‍റെ പ്രതികരണം. അനുവാദമില്ലാതെ ട്രംപ് ചുംബിച്ചിട്ടുണ്ടെന്ന് നിരവധി സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം ട്രംപ് നിഷേധിക്കുകയാണ്. യോഗത്തില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോള്‍ വാഹനത്തില്‍ വച്ച് തന്‍റെ കൈകളില്‍ പിടിച്ച് ട്രംപ് ചുണ്ടിലായി ചുംബിച്ചെന്നാണ് അല്‍വ ജോണ്‍സണന്‍റെ പരാതി. ട്രംപ് തന്നെ ചുംബിച്ച കാര്യംപറഞ്ഞ് തന്‍റെ സഹപ്രവര്‍ത്തകര്‍ തമാശകള്‍ ഉണ്ടാക്കുമായിരുന്നെന്നും അല്‍വ ആരോപിക്കുന്നു. പ്രചരണ പരിപാടിക്കിടെ വര്‍ഗ ലിംഗ വിവേചനം അനുഭവിച്ചിരുന്നതായും തന്‍റെ പുരുഷ സഹപ്രവര്‍ത്തകരെക്കാളും കുറഞ്ഞ വരുമാനമാണ് തനിക്കുണ്ടായിരുന്നതെന്നും യുവതി ആരോപിക്കുന്നു.