Asianet News MalayalamAsianet News Malayalam

ശിരോവസ്ത്രമില്ലാതെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു; ഇറാനില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

ഇറാനില്‍ സര്‍വ്വ സാധാരണമായുള്ള ചായക്കടകളിലൊന്നില്‍ നിന്നുള്ള യുവതിയുടേയും സുഹൃത്തിന്‍റേയും ചിത്രം വൈറലായതിന് പിന്നാലെയാണ് അറസ്റ്റെന്നാണ് കുടുംബം ആരോപിക്കുന്നത്

women allegedly arrested in Iran for not wearing hijab while eating in restaurant
Author
First Published Oct 2, 2022, 4:07 AM IST

ഇറാനില്‍ ഹിജാബ് ധരിക്കാതെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച യുവതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ധോന്യ റാഡ് എന്ന യുവതിയെയാണ് ഇറാന്‍ പൊലീസ്  അറസ്റ്റ് ചെയ്തെന്നാണ് കുടുംബം ആരോപിക്കുന്നത്. ധോന്യയും സുഹൃത്തായ മറ്റൊരു യുവതിയും തല മറയ്ക്കാതെ ഹോട്ടലിലിരുന്ന ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്നാണ് കുടുംബം അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

ഇറാനില്‍ സര്‍വ്വ സാധാരണമായുള്ള ചായക്കടകളിലൊന്നില്‍ നിന്നുള്ള ചിത്രമാണ് ബുധനാഴ്ച മുതല്‍ വൈറലായത്. ഇത്തരം ചായക്കടകളില്‍ പുരുഷന്മാര്‍ ഏറെയെത്തുന്ന ഇടങ്ങളാണ്. ചിത്രം വൈറലായതിന് പിന്നാലെ സുരക്ഷാ ഏജന്‍സിയില്‍ നിന്നും സഹോദരിയെ വിളിപ്പിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ധോന്യയുടെ സഹോദരി അന്തര്‍ ദേശീയ മാധ്യമങ്ങളോട് പറയുന്നു. വിശദീകരണം നല്‍കാന്‍ ചെന്നപ്പോഴാണ് അറസ്റ്റുണ്ടായതെന്നും മണിക്കൂറുകള്‍ പിന്നിട്ട ശേഷവും വിവരമൊന്നുമില്ലെന്നും ധോന്യയുടെ സഹോദരി ആരോപിക്കുന്നു. തെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ധോന്യയെതടവിലാക്കിയോയെന്ന സംശയത്തിലാണ് കുടുംബമുള്ളത്.

ഇറാന്‍റെ ഇന്‍റലിജന്‍സ് മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള എവിന്‍ ജയില്‍ രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പുള്ളവരെ തടവിലാക്കുന്ന ഇടമാണ്. സമീപകാലത്ത് നിരവധി ആളുകളെയാണ് ഇറാനില്‍ ഇത്തരത്തില്‍ അനധികൃതമായി തടവിലാക്കിയിട്ടുള്ളത്. എഴുത്തുകാരിയായ മോന ബോര്‍സുവേയ്, ഇറാന്‍ ഫുട്ബോള്‍ താരം ഹൊസെയ്ന‍ മാഹിനി, മുന്‍ ഇറാന്‍ പ്രസിന്‍റ് അലി അക്ബര്‍ ഹഷ്ഹെമി റാഫ്സാന്‍ജനിയുടെ മകള്‍ ഫെയ്സെയ് റാഫ്സാന്‍ജനി എന്നിവരെ സമീപകാലത്ത് ഇവിടെ തടവിലാക്കിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനില്‍ നിലവിലുള്ള പ്രതിഷേധം എന്തിനാണെന്ന് ഇറാനികള്‍ വിശദമാക്കുന്ന ട്വീറ്റുകളെ അടിസ്ഥാനമാക്കി ഗാനം തയ്യാറാക്കിയ സംഗീതജ്ഞന്‍ ഷെര്‍വിന്‍ ഹാജിപോറിനേയും ഈ ആഴ്ചയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന് പുറത്തുളഅള ഇറാനികള്‍ അടക്കം നിലവിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഷെര്‍വിന്‍റെ ഗാനം പങ്കുവച്ചിരുന്നു. ശരിയായ രീതിയിൽ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി ആക്രമിക്കപ്പെട്ട് 22കാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനില്‍ പ്രക്ഷോഭം ആരംഭിച്ചത്. സെപ്തംബർ 16നാണ് മഹ്സ അമീനി കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തിന്‍റെ ഭാഗമായി സ്ത്രീകൾ പൊതു നിരത്തിൽ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച് കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ പ്രക്ഷോഭത്തെ വിദേശ ഗൂഢാലോചന എന്നപേരിലാണ് ഇറാന്‍ ഭരണകൂടം നോക്കികാണുന്നത്. പ്രക്ഷോഭത്തിന്‍റെ ഭാഗമായി സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. കുട്ടികള്‍ അടക്കം 83ഓളം പേര്‍ ഇതിനോടകം കൊല്ലപ്പെട്ടുവെന്നാണ് ഇറാനിലെ മനുഷ്യാവകാശ സംഘടനകള്‍ വിശദമാക്കുന്നത്.  വാട്സാപ്പ്, ലിങ്ക്ഡ് ഇൻ, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇറാന് പുറത്തേക്ക് പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ എത്തുന്നതിനെ നിയന്ത്രിക്കാന്‍ ഇറാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios