Asianet News MalayalamAsianet News Malayalam

ആരുമായും ശത്രുത ആഗ്രഹിക്കുന്നില്ല, സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിക നിയമങ്ങളനുസരിച്ച്; നയം വ്യക്തമാക്കി താലിബാന്‍

1990ലെ പ്രത്യയശാസ്ത്രത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ യാതൊരു വ്യത്യാസവുമില്ലെന്നും എന്നാല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കി.  ദേശീയമൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 
 

Women can work, will honor their rights within Islamic law: Taliban
Author
Kabul, First Published Aug 17, 2021, 10:01 PM IST

കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിച്ച് താലിബാന്‍. മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളെ ആഗ്രഹിക്കുന്നില്ലെന്നും താലിബാന്‍ വ്യക്തമാക്കി. ഇസ്ലാം ഉറപ്പ് നല്‍കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കും. എല്ലാ ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് സ്ത്രീകള്‍ സംരക്ഷിക്കപ്പെടുമെന്നും താലിബാന്‍ വ്യക്തമാക്കി.

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ ഇടപെടാം, ജോലിക്ക് പോകാം. പക്ഷേ അതെല്ലാം ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ അനുവദിക്കൂവെന്ന് താലിബാന്‍ വക്താവ് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്റെ മണ്ണില്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ചര്‍ച്ചക്ക തയ്യാറാകണം. മുന്‍ സര്‍ക്കാറിനൊപ്പം നിന്നവര്‍ക്കും പൊതുമാപ്പ് നല്‍കും. വിദ്യാഭ്യാസമുള്ള ആരും രാജ്യം വിടരുതെന്നും സമാധാനവും സ്ഥിരതയാര്‍ന്ന ഭരണവുമാണ് താലിബാന്‍ ആഗ്രഹിക്കുന്നതെന്നും വക്താവ് പറഞ്ഞു.

1990ലെ പ്രത്യയശാസ്ത്രത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ യാതൊരു വ്യത്യാസവുമില്ലെന്നും എന്നാല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കി.  ദേശീയമൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

താലിബാൻ പ്രതിനിധിയുടെ വാക്കുകൾ -

ഇസ്ലാമിക നിയമങ്ങൾക്ക് വിധേയമായി പൊതുസമൂഹത്തിൽ ഇടപെടാൻ സ്ത്രീകൾക്ക് അവകാശമുണ്ടാവും. അന്താരാഷ്ട്ര സമൂഹവുമായും മറ്റു രാജ്യങ്ങളുമായും സമാധാനപരമായ ബന്ധം നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. രാജ്യത്തിനകത്തോ പുറത്തോ ഏതെങ്കിലും ശത്രുക്കളെ ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അയൽരാജ്യങ്ങൾക്കെതിരെ ഒരു തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ മണ്ണിൽ അവസരം കൊടുക്കില്ല. അന്താരാഷ്ട്ര സമൂഹവും ഞങ്ങളെ അംഗീകരിക്കാനും സഹകരിക്കാനും തയ്യാറാവണം.

കാബൂളിൽ പ്രവർത്തിക്കുന്ന എല്ലാ എംബസികൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കും എല്ലാ സുരക്ഷയും ഞങ്ങൾ ഒരുക്കും. അവർക്ക് ആവശ്യമായ പിന്തുണ നൽകാൻ അഷ്റഫ് ഗനി സർക്കാരിനായില്ല. എല്ലാ മേഖലകളും പിടിച്ചെടുത്ത ശേഷം കാബൂൾ അതിർത്തിയിൽ മുന്നേറ്റം നിർത്തുകയാണ് ഞങ്ങൾ ചെയ്തത്. നിർഭാഗ്യവശാൽ മുൻസർക്കാർ അങ്ങേയറ്റം ഭീരുക്കളും അശക്തരുമായതിനാൽ അവർ ഉത്തരവാദിത്തം മറന്ന് ഒളിവിൽ പോയി.

ഇരുപത് വർഷം മുൻപായാലും ഇന്നായാലും ഞങ്ങളുടെ ആശയങ്ങളിലും വിശ്വാസങ്ങളിലും മാറ്റമില്ല. അന്നും ഇന്നും ഇതൊരു മുസ്ലീം രാഷ്ട്രമാണ്. എന്നാൽ സാഹചര്യങ്ങളിലും സമീപനങ്ങളിലും ഇന്ന് ഒരുപാട് വ്യത്യാസമുണ്ട്. പുതിയ ഭരണഘടനയെ പറ്റി സർക്കാർ രൂപീകരണത്തിന് ശേഷം മാത്രമേ പറയാനാവൂ. 

അഫ്​ഗാനിസ്ഥാൻ്റെ എല്ലാ അതി‍‌ർത്തികളും ഇപ്പോൾ ഞങ്ങളുടെ നിയന്ത്രണത്തിലാണ്. ആയുധക്കടത്തും ലഹരിക്കടത്തും ക‍ർശനമായി നിരോധിക്കുകയും നേരിടുകയും ചെയ്യും. രാജ്യത്ത് എല്ലാതരം ലഹരിമരുന്ന് ഉപയോ​ഗവും നിരോധിച്ചു കഴിഞ്ഞു. നിലവിലെ പോരാട്ടത്തിനായി ഉപയോ​ഗിച്ച എല്ലാ ആയുധങ്ങളുടേയും കണക്കെടുത്ത് രജിസ്റ്റ‍ർ ചെയ്യും. ഇന്നലെ വരെയുള്ളതെല്ലാം കഴിഞ്ഞു. ഞങ്ങൾക്ക് ആരോടും ശത്രുതയോ പ്രതികാരമോ ഇല്ല. എതിരെ പോരാടിയാവർ അടക്കം എല്ലാവർക്കും ഞങ്ങൾ മാപ്പ് നൽകുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios