ദില്ലി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിർണ്ണായക ഘട്ടത്തിലൂടെ മുന്നോട്ട് പോവുകയാണ് ലോകരാഷ്ട്രങ്ങൾ. അതിനിടെ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ട്രംപ്. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നൽകിവരുന്ന ധനസഹായം താത്കാലികമായി നിർത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.

കൊവിഡ് മഹാമാരി തടയുന്നതിൽ ഗുരുതരമായ വീഴ്ച്ച വരുത്തിയ ലോകാരോഗ്യ സംഘടന ചൈനയുടെ താല്പര്യങ്ങൾക്ക് അനുസൃതമായി മാത്രമാണ് പ്രവർത്തിച്ചതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു.

ലോകത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 1.26 ലക്ഷം പിന്നിട്ടു. അമേരിക്കയിൽ മാത്രം കാൽ ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 2284 പേർ മരിച്ചു. ബ്രിട്ടണിൽ രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ്.

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കർണാടകത്തിൽ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവിൽ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശിൽ ഇന്നലെ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം ഒൻപതായി. തെലങ്കാനയിൽ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗൺ നീട്ടുന്നതിൻറെ ഭാഗമായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കും. ഏപ്രിൽ ഇരുപതിന് ചില മേഖലകൾക്ക് ഇളവ് നൽകുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇന്ന് കേന്ദ്രം നൽകും. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ ചർച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും.