ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി 21 ലക്ഷത്തി നാല്‍പ്പതിനായിരം കവിഞ്ഞു. 5,51,000 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 70 ലക്ഷത്തി പതിനേഴായിരം പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്. ബ്രസീലില്‍ 41,000ല്‍ അധികം പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനേഴ് ലക്ഷത്തി പതിനാറായിരം കടന്നു.

അമേരിക്കയിലെ കൊവിഡ് കേസുകളുടെ എണ്ണം മുപ്പത്തിയൊന്നു ലക്ഷം കവിഞ്ഞു. മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരമായി. ടെക്സസ്, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ രോഗികളുടെ എണ്ണം ഏറ്റവും കൂടുന്നത്. ന്യൂയോർക്കിൽ നിന്ന് കൃഷ്ണകിഷോറിന്റെ റിപ്പോർട്ട്.

അതേ സമയം കൊവിഡ് വായുവിലൂടെ പകരുമെന്ന ശാസ്ത്രജ്‌ഞരുടെ കണ്ടെത്തൽ സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരുടെ കത്താണ് ആധാരം. ലോകാരോഗ്യ സംഘടന രോഗപ്രതിരോധനിയന്ത്രണവിഭാഗം മേധാവി ഡോ.ബെൻഡേറ്റ അലഗ്രാൻസി ആണ് മാധ്യമങ്ങളോട് പഠനഫലം സ്ഥിരീകരിച്ചത്. 

വായുവിൽ കൂടുതൽ സമയം തങ്ങിനിൽക്കുന്ന ചെറിയ കണങ്ങൾ വഴി രോഗം പടരും എന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഇതിന് അനുസരിച്ച് ലോകാരോഗ്യസംഘടനയുടെ കൊവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങളിൽ തിരുത്തൽ വന്നേക്കും.