19 മണിക്കൂര്‍ ആകാശത്ത് പറന്നാണ് ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാനം സിഡ്നിയില്‍ ഇറങ്ങിയത്. ന്യൂയോര്‍ക്കില്‍ നിന്ന് ആരംഭിച്ച യാത്ര ഇടക്കൊരു വിമാനത്താവളത്തിലും നിര്‍ത്താതെ നേരെ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ അവസാനിപ്പിച്ചതുവഴി ലോകത്ത് ഏറ്റവും ദീര്‍ഘദൂരം സഞ്ചരിക്കുന്ന വിമാനമായി ക്വാണ്ടാസ് QF7879 വിമാനം മാറി. 

ഞായറാഴ്ച രാവിലെയോടെയാണ് വിമാനം സിഡ്നിയിലെത്തിയത്. കൃത്യമായി 19 മണിക്കൂറും 16 മിനിറ്റുമാണ് വിമാനം തുടര്‍ച്ചയായി യാത്ര ചെയ്തത്. ലണ്ടനില്‍ നിന്ന് സിഡ്നിയിലേക്കുള്ള മാരത്തണ്‍ യാത്രയും ഇവരുടെ പദ്ധതിയില്‍ ഉള്‍പ്പെടും. 

ഭാരം കുറയ്ക്കുന്നതിനായി ആകെ 49 പേരാണ് വിമാനത്തില്‍ യാത്ര ചെയ്തത്. 16000 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാനുള്ള ഇന്ധനം വിമാനത്തില്‍ നിറച്ചിരുന്നു. ചരിത്ര നിമിഷമെന്നാണ് ക്വാണ്ടാസ് സിഇഒ അലന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. കമ്പനിക്കും ലോക വിമാനയത്രയ്ക്ക് തന്നെയും ഇത് നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. 

വിമാനത്തില്‍ കയറിയതിന് ശേഷം യാത്രക്കാര്‍ അവരുടെ വാച്ച് സിഡ്നിയിലെ സമയത്തിലേക്ക് മാറ്റി. രാത്രിയില്‍ കോഫൈന്‍ അടങ്ങിയ ഭക്ഷണവും എരുവുള്ള ആഹാരവും നല്‍കി. ആറ് മണിക്കൂറിന് ശേഷം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരവും നല്‍കി. ഉറങ്ങാനായി ലൈറ്റ് ഡിം ചെയ്തു. 

വിവിധ വിമാനത്താവളങ്ങളില്‍ ഇറങ്ങിയുള്ള യാത്ര ആളുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ക്വാണ്ടാസ് ഓസ്ട്രേലിയയിലെ രണ്ട് സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് പഠനം നടത്തിയിരുന്നു. തുടര്‍ന്നാണ് ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ ക്വാണ്ടാസ് തീരുമാനിച്ചത്.