വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി രംഗത്ത്. 1990-കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി അധിക്ഷേപിച്ചതായി പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോളാണ് വെളിപ്പെടുത്തിയത്. 'ന്യൂയോര്‍ക്ക് മാഗസിന്‍' പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയിലാണ് ജീന്‍ കരോള്‍ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.

ട്രംപ് റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍  ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന 1995-നും 1996-നും ഇടയിലാണ്  ലൈെംഗിക അതിക്രമം നടന്നതെന്നാണ് കരോള്‍ വെളിപ്പെടുത്തിയത്. അന്ന് 52 വയസ്സുണ്ടായിരുന്ന തന്നെ ട്രംപ് ഡ്രസിങ് റൂമില്‍ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നെന്നും കരോള്‍ പറ‍ഞ്ഞു. 

തന്റെ പെണ്‍സുഹൃത്തിന് സമ്മാനം തെരഞ്ഞെടുക്കുന്നതിന് സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്കായി ഒരു സ്യൂട്ട് തെരഞ്ഞെടുത്തു. അത് ധരിക്കാന്‍ ട്രംപ് നിര്‍ബന്ധിച്ചപ്പോള്‍ ഡ്രസ്സിങ് റൂമിലേക്ക് എത്തിയ തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ ട്രംപ് ശ്രമം നടത്തി. ലൈംഗിക അതിക്രമം തടഞ്ഞ തന്റെ കൈകള്‍ ബലമായി പിടിച്ചുകെട്ടിയ ശേഷം റൂമിലെ ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തിയെന്നും കരോള്‍ വിശദമാക്കി. 

മാര്‍ല മേപ്പിള്‍സിനെ വിവാഹം കഴിച്ചിരുന്ന ട്രംപിന് അന്ന് 50 വയസ്സിനോട് അടുത്ത് പ്രായമുണ്ടായിരുന്നതായും കരോള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍  ആരോപണം നിഷേധിച്ച ഡൊണാള്‍ഡ് ട്രംപ് ജീവിതത്തില്‍ ഒരിക്കലും കരോളിനെ കണ്ടുമുട്ടിയിട്ടില്ലെന്ന് പറഞ്ഞു.