ന്യൂയോർക്കിൽ വച്ച് അക്രമിയുടെ കുത്തേറ്റ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
വാഷിങ്ടൺ: ന്യൂയോർക്കിൽ വച്ച് അക്രമിയുടെ കുത്തേറ്റ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന റുഷ്ദിയുടെ കരളിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ന്യൂ ജെഴ്സി സ്വദേശിയായ ഹാദി മറ്റാറാണ് റുഷ്ദിയെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് ന്യൂയോർക്കിലെ പ്രസംഗ വേദിയിൽ വച്ച് സൽമാൻ റഷ്ദിക്ക് കുത്തേറ്റത്. എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക മാറ്റിയ റുഷ്ദി ഇപ്പോഴും വെന്റിലേറ്ററിലാണ്. മുഖത്തും കഴുത്തിനും വയറിലുമായി പത്തിലേറെ കുത്താണ് ഏറ്റത്. ആക്രമണത്തിൽ കരളിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃർ വ്യക്തമാക്കി. നിലവിൽ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നായിരുന്നു റുഷ്ദിയുടെ വക്താവിന്റെ പ്രതികരണം.
കസ്റ്റഡിയിലുള്ള പ്രതിയുടെ വിവരങ്ങൾ ന്യൂയോർക്ക് പൊലീസ് പുറത്ത് വിട്ടു. ന്യൂജേഴ്സിയിലെ ഫെയർ വ്യൂ സ്വദേശിയായ 24 കാരൻ ഹാദി മാറ്റാറാണ് ആക്രമി. ഷട്ടോക്വ ഇൻസ്റ്റിറ്റൂഷനിലെ പരിപാടിക്ക് പാസുമായാണ് പ്രതി എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണ കാരണമോ എന്ത് തരം ആയുധം ആണ് ഉപയോഗിച്ചതെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ആക്രമണത്തിന് പിറകിൽ ഏതെങ്കിലും സഘടകൾക്കോ ഗ്രൂപ്പിനോ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി. ഇന്ത്യൻ സമയം ഇന്നലെ രാത്രി എട്ടരയ്ക്കാണ് റുഷ്ദിക്ക് നോരെ ആക്രമണമുണ്ടായത്. ശസ്ത്രക്രിയക്ക് വിധേയനായ റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ അറിയിച്ചു.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാറ്റാനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദിയെ ലോകം അറിയുന്നത്. 1947 ജൂൺ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടർപഠനം. 1968 ൽ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി.
Read more: സൽമാൻ റുഷ്ദിക്കെതിരായ ആക്രമണം: 34 വർഷം മുൻപത്തെ അയത്തുള്ള ഖൊമേനിയുടെ ഫത്വയോ?
സയൻസ് ഫിക്ഷൻ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന നോവലിലൂടെ വിശ്വപ്രസിദ്ധനായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക സന്ധികളിലൂടെയും മുന്നേറുന്ന വ്യക്തിയുടെ ജീവിതമായിരുന്നു ഇതിവൃത്തം. ഈ കൃതിക്ക് ബുക്കർ പ്രൈസ്, അടക്കം ലഭിച്ചു.
