കൈ നോക്കിയ ശേഷം ഫെർണാണ്ട സിൽവ വലോസ് ഇനി കുറച്ച് ദിവസം കൂടി മാത്രമേ ജീവിക്കുകയുള്ളൂ എന്ന പ്രവചനമാണ് പ്രായമായ സ്ത്രീ നടത്തിയത്

സാവോ പോളോ: ബ്രസീലില്‍ ഉണ്ടായ ഒരു നിഗൂഢ മരണത്തിന്‍റെ അന്വേഷണം ലോകത്തെയാകെ ഞെട്ടിക്കുന്നു. 27 വയസുള്ള ഫെർണാണ്ട സിൽവ വലോസ് ഡാ ക്രൂസ് പിന്‍റോ എന്ന സ്ത്രീയാണ് മരണപ്പെട്ടത്. ഫെർണാണ്ട സിൽവ വലോസിന്‍റെ മരണം പ്രവചിച്ച ഒരു കൈനോട്ടക്കാരി നൽകിയ മിഠായി ആണ് മരണത്തിന് പിന്നിലുള്ളതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. കൈനോട്ടക്കാര്‍ക്കും ഭാഗ്യം പ്രവചിക്കുന്നവര്‍ക്കും പേരുകേട്ട സ്ഥലമായ ബ്രസീലിലെ മാസിയോയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഓഗസ്റ്റ് മൂന്നിന് ഫെർണാണ്ട സിൽവ വലോസ് നടന്നുപോകവെ ഒരു പ്രായമായ സ്ത്രീ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കൈ നോക്കിയ ശേഷം ഫെർണാണ്ട സിൽവ വലോസ് ഇനി കുറച്ച് ദിവസം കൂടി മാത്രമേ ജീവിക്കുകയുള്ളൂ എന്ന പ്രവചനമാണ് പ്രായമായ സ്ത്രീ നടത്തിയത്. ഇതിന് ശേഷം ഒരു ചോക്ലേറ്റ് കഴിക്കാനും നൽകി. ഈ ചോക്ലേറ്റ് കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍റോയ്ക്ക് അസ്വസ്ഥ തുടങ്ങി. ഛർദ്ദി, തലകറക്കം, കാഴ്ച മങ്ങൽ എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.

തന്‍റെ അവസ്ഥ ഒരു സന്ദേശത്തിലൂടെ കുടുംബത്തെ പിന്‍റോ അറിയിച്ചു. എന്നാല്‍, ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതിനാല്‍ ഈ പ്രശ്നങ്ങള്‍ അത് മൂലമാണെന്നാണ് പിന്‍റോ വിചാരിച്ചത്. കുടുംബത്തിന് അയച്ച സന്ദേശത്തില്‍ പിന്‍റോ, കൈനോട്ടക്കാരി നൽകിയ ചോക്ലേറ്റിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ എത്തുമ്പോള്‍ പിന്‍റോ ആശുപത്രിയിലായിരുന്നു. മൂക്കിൽ നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു പിന്‍റോ ഉണ്ടായിരുന്നത്.

മെഡിക്കൽ സഹായങ്ങള്‍ ലഭിച്ചിട്ടും ഓഗസ്റ്റ് നാലിന് പിന്‍റോ മരണപ്പെട്ടു. രണ്ട് മാസത്തിന് ശേഷം ലഭിച്ച ടോക്സിക്കോളജി റിപ്പോർട്ടുകളില്‍ സൾഫോടെപ്പ്, ടെർബുഫോസ് എന്നിങ്ങനെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത് നിർണായകമായി. അന്വേഷണ സംഘത്തോട് കൈനോട്ടക്കാരി നൽകിയ ചോക്ലേറ്റിനെ കുറിച്ച് ബന്ധുക്കള്‍ പറഞ്ഞതോടെ സംശയങ്ങള്‍ കൂടി. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൊലപാതകത്തിന് പിന്നിലെ ചുരളഴിക്കാനുള്ള ഊർജിത അന്വേഷണവും തുടരുകയാണ്. 

വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി, കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം, വമ്പൻ ഓഫ‍റുകളുടെ വിവരങ്ങളിതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്