നെയ്റോബി: കൊറോണ സംബന്ധിച്ച വ്യാജവാര്‍ത്ത പരത്തിയ യുവാവിന് വന്‍തുക പിഴ. 23കാരനായ യുവാവിനാണ് 37 ലക്ഷം രൂപ പിഴയൊടുക്കാന്‍ ശിക്ഷ വിധിച്ചത്. കെനിയയിലാണ് സംഭവം. എലിജ മുത്തെയ് കിറ്റോനിയോ എന്നയാളാണ് അറസ്റ്റിലായത്. കെനിയയിലെ മ്വിംഗി നഗരത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ എന്നായിരുന്നു ഇയാളുടെ അവകാശവാദം. വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ സന്ദേശം പ്രചരിപ്പിച്ചത്. ഇറ്റലിയില്‍ നിന്നുള്ളയാളിലാണ് കൊറോണ സ്ഥിരീകരിച്ചത് അല്ലാതെ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ ലണ്ടനിലൂടെയെത്തിയ അമേരിക്കന്‍ സ്വദേശിക്കല്ല രോഗബാധയെന്നുമായിരുന്നു ഇയാള്‍ ട്വീറ്റ് ചെയ്തത്. 

ആളുകള്‍ക്ക് ഭയമുണ്ടാകുന്ന രീതിയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിരിക്കുന്നത്. സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് കെനിയയില്‍ സ്വീകരിക്കുന്നത്. വന്‍തുക പിഴയടക്കുന്നതോടൊപ്പം പത്ത് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്ന രീതിയാണ് കെനിയ പിന്തുടരുന്നത്. ഞായറാഴ്ച കൊറോണ വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കെനിയയുടെ പ്രസിഡന്‍റ് ഉഹ്റു കെനിയാട്ട ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.